ആയുസ്സും കടന്ന് അലങ്കാരം പൊഴിക്കും ഇരിങ്ങൽ ക്രാഫ്റ്റ് മേളയിലെ ഈ കറ്റകള്‍


 

മുഹമ്മദ് ടി.കെ.

ഇരിങ്ങല്‍: സാധാരണ നെല്‍ക്കറ്റകള്‍ തന്നെ, പക്ഷേ പി. ബാലന്‍ പണിക്കരുടെ കരവിരുതേറ്റാല്‍ പിന്നെ അത് വിശിഷ്ടമായ അലങ്കാരക്കറ്റയായി. വീടുകളിലും സ്ഥാപനങ്ങളിലും അലങ്കരത്തോടെ തൂക്കാന്‍ പറ്റിയ കേരളത്തനിമ.

ആയിക്കതിര്‍ എന്നും കാപ്പിടിയെന്നുമൊക്കെ പല നാട്ടില്‍ പലപേരുകളില്‍ അലങ്കാരക്കറ്റ അറിയപ്പെടുന്നെങ്കിലും ഇത് തനിമയോടെയും ഗുണമേന്മയോടെയും ഉണ്ടാക്കാനറിയുന്നവര്‍ വിരളം.

വര്‍ഷങ്ങളുടെ പരിശീലനത്തിന്‍റെയും അനുഭവസമ്പത്തിന്‍റെയും ഗുണമേന്മ ബാലന്‍ കറ്റകളില്‍ കാണാം. കെട്ടുറപ്പിന്‍റെ കാര്യത്തിലും കാഴ്ചഭംഗിയുടെ കാര്യത്തിലും മുന്‍പന്തിയില്‍ തന്നെ.

നെല്‍കതിരുകള്‍ കറ്റയോടെ പ്രത്യേക രീതിയില്‍ വെയിലത്ത് വച്ച് ഉണക്കും. എന്നിട്ട് മാലരൂപത്തില്‍ നെല്ലിന്‍റെ തണ്ട് കൊണ്ട് കോര്‍ത്ത് വെക്കും. അതിന് ശേഷം പ്രത്യേകരൂപത്തില്‍ കൂട്ടിക്കെട്ടിയാണ് അലങ്കാരക്കറ്റ തയ്യാറാക്കുന്നത്.

നെല്ല് ഉണക്കുന്നതിന് പ്രത്യേക ശ്രദ്ധ വേണ്ടതാണ്. ഒരുപാട് വെയിലത്ത് ഇട്ടാല്‍ കറുത്ത് പോവും. വെയില്‍ ശരിയായി കൊണ്ടില്ലെങ്കില്‍ വേഗം കേടുവന്നു പോവുകയും ചെയ്യും.

പാരമ്പര്യമായി നെല്ലിന്‍റെ തണ്ട് കൊണ്ടാണ് അലങ്കാരക്കറ്റ കെട്ടാറെങ്കിലും ഈ അടുത്ത കാലത്തായി പരീക്ഷണാടിസ്ഥാനത്തില്‍ പ്ലാസ്റ്റിക് കൊണ്ട് കെട്ടിയ കറ്റയും ബാലചന്ദ്രന്‍റെ സ്റ്റാളില്‍ കാണാം. എന്നാല്‍ പ്ലാസ്റ്റിക് കെട്ടുകള്‍ ബാലചന്ദ്രന്‍ തന്നെ ഉപേക്ഷിച്ചിരിക്കുകയാണിപ്പോള്‍. പ്ലാസ്റ്റിക്കിനേക്കാള്‍ തനിമയും മുറുക്കവും നെല്‍ തണ്ട് തന്നെയാണെന്നാണ് ബാലന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്.

വീട്ടില്‍ നിന്നാണ് ബാലചന്ദ്രന്‍ കറ്റ തയ്യാറാക്കുന്നത്. ആവശ്യക്കാര്‍ വീട്ടിലെത്തി വാങ്ങിച്ചുകൊണ്ടുപോവും. വിവിധ ജില്ലകളില്‍ നിന്ന് ആവശ്യക്കാരെത്തുന്നുണ്ടെന്ന് ബാലന്‍ പറയുന്നു.

വീടുകളില്‍ അലങ്കാരത്തിനായി തൂക്കുന്ന ഈ കറ്റകള്‍ തലമുറകളോളം ഒരു കേടുപാടും സംഭവിക്കാതെ തുടരുമെന്ന് ബാലന്‍ അവകാശപ്പെടുന്നു. ജീവനുള്ള നെല്‍കതിരുകളുടെ കറ്റകള്‍ തലമുറകളോളം അലങ്കാരത്തോടെ അതിജീവിക്കുന്നു എന്നത് തന്നെയാണ് അലങ്കാരക്കറ്റകളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്.

അലങ്കാരക്കറ്റയ്ക്കൊപ്പം മാലപോലെ ചുവരുകള്‍ അലങ്കരിക്കാനാവുന്ന പടിമാലയും ബാലന്‍റെ സ്റ്റാളില്‍ ലഭ്യമാണ്.

കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിയായ പി. ബാലന്‍ പണിക്കര്‍ ഒരു അസ്സല്‍ പൂരക്കളി കലാകാരന്‍കൂടിയാണ്. സംസ്ഥാന സര്‍ക്കാരിന്‍റെ പൂരക്കളി അക്കാദമി അവാര്‍ഡ് ജേതാവ് കൂടിയാണ് ബാലന്‍.