കോരപ്പുഴ പാലത്തില്‍ ടാങ്കര്‍ ലോറിയും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം; ഡ്രൈവര്‍ക്ക് പരിക്ക്


എലത്തൂര്‍: കോരപ്പുഴ പാലത്തില്‍ ടാങ്കര്‍ ലോറിയും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്. പിക്കപ്പ് ലോറി ഡ്രൈവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 3.30ഓടെയാണ് സംഭവം. എച്ച്.പി സിലിണ്ടറുമായി കോഴിക്കോടേക്ക് പോവുകയായിരുന്ന ടാങ്കറും കോഴിക്കോട് ഭാഗത്ത് നിന്നും കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന പിക്കപ്പ് ലോറിയുമാണ് കൂട്ടിയിടിച്ചത്.

പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് അരമണിക്കൂറോളം പാലത്തില്‍ വന്‍ ഗതാഗതകുരുക്കായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എലത്തൂര്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് രണ്ട് വാഹനങ്ങളും പാലത്തില്‍ നിന്നും മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

നിലവില്‍ കോരപ്പുഴ മുതല്‍ കാട്ടിലപീടിക വെങ്ങളം ഭാഗത്തേക്കും എലത്തൂര്‍ ഭാഗത്തേക്കും ഗതാഗതകുരുക്കാണ്. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Description: Accident on KorapPuzha Bridge; The driver was injured