കീഴരിയൂരില്‍ സ്‌കൂട്ടര്‍ യാത്രികരെ ഇടിച്ചിട്ട് കാര്‍ നിര്‍ത്താതെ പോയി; രണ്ടു പേര്‍ക്ക് പരിക്ക്


കൊയിലാണ്ടി: കീഴരിയൂരില്‍ സ്‌കൂട്ടര്‍ യാത്രികരെ ഇടിച്ചിട്ട് കാര്‍ നിര്‍ത്താതെ പോയതായി പരാതി. പയ്യോളി അങ്ങാടി റോഡില്‍ എളമ്പിലാട്ട് താഴെ വെച്ച് ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് അപകടം നടന്നത്. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു.

പണി സാധനം വാങ്ങാനായി കീഴരിയൂര്‍ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറിനെ എതിര്‍ ദിശയില്‍ നിന്ന് വന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. എന്നാല്‍ അപകടം സംഭവിച്ചിട്ടും കാര്‍ നിര്‍ത്താന്‍ തയ്യാറാകാതെ ഇവര്‍ സ്ഥലം വിടുകയായിരുന്നു. അപകടത്തില്‍ സാരമായി പരിക്കേറ്റ കാരയാട് സ്വദശികളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.

KL10 AY 7333 വെള്ള നിറത്തിലുള്ള 800 കാറാണ് അപകടത്തിനിടയാക്കിയത്. പയ്യോളി അങ്ങാടി വരെ വാഹനത്തെ പിന്‍തുടര്‍ന്നെങ്കിലും പിടികൂടാന്‍ സാധിച്ചില്ല. അപകടത്തെ തുടര്‍ന്ന് കൊയിലാണ്ടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. വാഹനത്തെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9496 223 226, 9048 925 298 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.