മൂരാട് ഓയില്‍ മില്ലിന് സമീപം വാഹനാപകടം; കാറും ഓട്ടോയും കൂട്ടിയിടിച്ച് പിഞ്ചുകുഞ്ഞുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്


പയ്യോളി: ദേശീയ പാതയില്‍ മൂരാട് ഓയില്‍ മില്ലിന് സമീപം കാറും ഓട്ടോയും കൂട്ടിയിടിച്ചു. അപകടത്തില്‍ പിഞ്ചുകുഞ്ഞുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഒമ്പതരയോയോടെയാണ് സംഭവം.

കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും തലശ്ശേരിക്ക് പോവുകയായിരുന്ന കാറും വടകരയില്‍ നിന്നും പയ്യോളിക്ക് വരികയായിരുന്ന ഓട്ടോയുമാണ് അപകടത്തില്‍ പെട്ടത്. മുന്നിലുള്ള വാഹനം പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ കാര്‍ വെട്ടിച്ചു മാറ്റുന്നതിനിടെ എതിരെവന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞു.

ഓട്ടോ യാത്രക്കാര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഡ്രൈവര്‍ക്കും യാത്രക്കാരിയായ സ്ത്രീക്കും കുഞ്ഞിനുമാണ് പരിക്കേറ്റത്. ഇവരെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകര ചല്ലിവയല്‍ സ്വദേശികളാണ് പരിക്കേറ്റവര്‍ എന്നാണ് ലഭിക്കുന്ന വിവരം.