നമ്പര്‍പ്ലേറ്റ് ഊരിമാറ്റി ബൈക്കില്‍ കറങ്ങിനടന്ന് കവര്‍ച്ച; തിരക്കില്ലാത്ത റോഡില്‍ നടക്കവെ കുട്ടിയുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് കടന്നുകളഞ്ഞ യുവാവ് നടക്കാവ് പോലീസിന്റെ പിടിയില്‍


കോഴിക്കോട്: നമ്പര്‍പ്ലേറ്റ് ഊരിമാറ്റിയ ബൈക്കില്‍ കറങ്ങിനടന്ന് കവര്‍ച്ച നടത്തുന്ന യുവാവ് നടക്കാവ് പോലീസിന്റെ പിടിയില്‍. കല്ലായി ഡനിയാസ് ഹൗസില്‍ കെ.എം ഹംറാസ് (19) നെയാണ് നടക്കാവ് പോലീസ് പിടികൂടിയത്.

തിരക്കില്ലാത്ത റോഡിലൂടെ നടന്നുപോയ കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ കവര്‍ച്ചചെയ്ത് കടന്ന് കളയുകയായിരുന്നു ഹംറാസ്. സംഭവത്തില്‍ നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു.

ഒട്ടേറെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചും സൈബര്‍ സെല്ലിന്റെ സഹായത്തോടെയുമാണ് നടക്കാവ് പോലിസ് കവര്‍ച്ചക്കേസിലെ പ്രതിയെ പിടികൂടിയത്. കോഴിക്കോട് ജെ.എഫ്.സി.എം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോഴിക്കോട് ജില്ലാജയിലിലേക്ക് മാറ്റി.

നടക്കാവ് ഇന്‍സ്‌പെക്ടര്‍ പി.കെ. ജിജീഷിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ എസ്.ബി. കൈലാസ് നാഥ്, ബിനുമോഹന്‍, എ.എസ്.ഐ. പി.കെ. ശശികുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.വി. ശ്രീകാന്ത്, സി. ഹരീഷ് കുമാര്‍, പി.കെ. ലെനീഷ്, വി.കെ. ജിത്തു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.