മൂവായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമാണ്; സ്കൂളിന് സമീപം ദേശിയ പാതയിൽ അടിപ്പാത നിർമ്മിക്കണം; ആവശ്യവുമായി പയ്യോളി ഗവണ്മെന്റ് ഹൈസ്കൂൾ പി.ടി.എ


പയ്യോളി: ‘മൂവായിരത്തോളം വിദ്യാർത്ഥികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്. സ്കൂളിന് സമീപം ദേശിയ പാതയിൽ അടിപ്പാത ഉണ്ടായേ മതിയാവു’ ശക്തമായ ആവശ്യവുമായി പയ്യോളി ഗവണ്മെന്റ് ഹൈസ്കൂൾ പി.ടി.എ. ഇന്ന് കൂടിയ യോഗത്തിലാണ് പി.ടി.എ പ്രമേയം അവതരിപ്പിച്ചത്.

സ്കൂളിനോടൊപ്പം തന്നെ മേലടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, ത്യക്കോട്ടൂർ എ.യു.പി സ്കൂൾ, മൃഗാശുപത്രി, ഭിന്നശ്ശേഷി വിദ്യാർത്ഥികളുടെ ജില്ലാ റിസോഴ്സ് സെന്റർ എന്നീ സ്ഥാപനങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ഈ സാഹചര്യം കൂടി പരിഗണിച്ച് അടിപ്പാതയുടെ ആവശ്യം ഏറെ ആണെന്ന് പ്രമേയം പറഞ്ഞു.

തിക്കോടി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി നേതൃത്തിൽ അടിപ്പാതയ്ക്ക് വേണ്ടി രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയുടേയും സ്കൂൾ പി.ടി.എയുടെയും നേതൃത്വത്തിൽ തുടർ പ്രവർത്തനങ്ങൾ നടത്താൻ പി.ടി.എ യോഗം തീരുമാനിച്ചു.

യോഗത്തിൽ പി.ടി.എ പ്രസിഡണ്ട് ബിജു കളത്തിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ പ്രദീപൻ, ഹെഡ് മാസ്റ്റർ കെ.എൻ ബിനോയ് കുമാർ, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ കെ.സജിത്, പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.പി ഗിരീഷ് കുമാർ, അജ്മൽ മാടായി, സജീഷ് കുമാർ, ഷെറി ടീച്ചർ എന്നിവർ സംസാരിച്ചു.