വടകരയിൽ മാലിന്യം റോഡിൽ തള്ളിയിട്ടു പോയി; കാട്ടികൊടുത്ത് മാലിന്യത്തിനിടയിൽ ‘വീട്ടമ്മയുടെ ഐഡന്റിറ്റി കാർഡ്’; ഇരുപത്തയ്യായിരം രൂപ പിഴ


വടകര: ആരും കാണാതെ റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞിട്ടു പോയി, പക്ഷെ പണി കൊടുത്ത് സ്വന്തം ഐഡന്റിറ്റി കാർഡ്. വടകര ചോറോട് പഞ്ചായത്തിൽ പതിനൊന്നാം വാർഡിലാണ് സംഭവം. കൂറ്റേരി താഴ യോഗിമഠം റോഡിൽ തള്ളിയ മാലിന്യത്തിൽ നിന്നാണ് വീട്ടമ്മയുടെ തിരിച്ചറിയൽ കാർഡ് കിട്ടിയത്.

ക്ലസ്റ്റർ കമ്മിറ്റി അംഗങ്ങൾ നടത്തിയ പരിശോധനയിലാണ് തിരിച്ചറിയൽ രേഖ കണ്ടെത്തിയത്. അവരത് ഉടനെ തന്നെ പഞ്ചായത്ത് സെക്രട്ടറിയെ ഏൽപ്പിക്കുകയായിരുന്നു.  മാലിന്യ പാക്കറ്റിൽ കിടന്ന ഐഡന്റിറ്റി കാർഡാണ് വിനയായത്. മാലിന്യം പൊതുസ്ഥലത്ത് തള്ളിയതിന് 25,000 രൂപ പിഴ അടക്കാനായി നോട്ടീസ് നൽകി.

മാലിന്യം പൊതുസ്ഥലങ്ങളിൽ വലിച്ചെറിയരുത് എന്ന നിയമങ്ങളുണ്ടായിട്ടും നിരവധി അവബോധം ഉണ്ടായിട്ടും പലരും ഇപ്പോഴും മാലിന്യങ്ങൾ വലിച്ചെറിയുന്ന പ്രവണതയുണ്ട്. ഹരിതസേന വീടുകളിൽ നിന്ന് മാലിന്യം എടുക്കാൻ ചെന്നിട്ടും അതിനു പലരും തയ്യാറാവുന്നില്ല എന്ന പരാതിയും ഉണ്ട്. വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും മാലിന്യം വലിച്ചെറിയുന്നതിനും പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്നതിനുമെതിരെ കർശന നടപടിയെടുക്കാനാണ് ചോറോട് ഗ്രാമപഞ്ചായത്ത് തീരുമാനം.