സ്വര്‍ണക്കടത്ത് സംഘത്തിന്റെ കാരിയറായ പേരാമ്പ്ര സ്വദേശിക്ക് ദുബൈയില്‍ ക്രൂരമര്‍ദ്ദനം; പീഡനം ഏല്‍പ്പിച്ച സ്വര്‍ണം മറിച്ചുവില്‍ക്കുമെന്ന സംശയത്തെ തുടര്‍ന്ന്പേരാമ്പ്ര:
സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ കാരിയറായ പേരാമ്പ്ര സ്വദേശിയെ സ്വര്‍ണ്ണം മറിച്ചു നല്‍കുമെന്ന സംശയത്തില്‍ തടങ്കലില്‍ പീഡിപ്പിച്ചതായി റിപ്പോര്‍ട്ട്. ഏഷ്യാനെറ്റ് ന്യൂസാണ് ഇതുസംബന്ധിച്ച ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സ്വര്‍ണക്കടത്ത് സംഘത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട ഈ യുവാവ് ഇപ്പോള്‍ നാട്ടിലെത്തിയിട്ടുണ്ട്.

മാസങ്ങള്‍ക്ക് മുമ്പ് ഗള്‍ഫിലെത്തിയ ഈ യുവാവിനെ സ്വര്‍ണക്കടത്ത് സംഘം സ്വര്‍ണം കടത്തുന്നതിനുവേണ്ടി സമീപിക്കുകയായിരുന്നു. സംഘം നല്‍കുന്ന സ്വര്‍ണം നാട്ടില്‍ മറ്റൊരു വ്യക്തിക്ക് കൈമാറണമെന്നായിരുന്നു ധാരണ. എന്നാല്‍ ഈ യുവാവ് സ്വര്‍ണം മറ്റൊരു സംഘത്തിന് മറിച്ച് നല്‍കാന്‍ സാധ്യതയുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് സ്വര്‍ണക്കടത്ത് സംഘം ഇയാളെ പിടികൂടി മര്‍ദ്ദിച്ചത്.

ദുബായിലെ സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുടെ കേന്ദ്രത്തില്‍ വെച്ചാണ് മര്‍ദ്ദനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പന്തിരിക്കര സ്വദേശി ഇര്‍ഷാദ് വധക്കേസിലെ മുഖ്യ പ്രതി നാസര്‍ എന്ന സ്വാലിഹുമായി ബന്ധമുളള സംഘമാണ് സ്വര്‍ണ്ണം മറിച്ചു നല്‍കുമെന്ന സംശയത്തില്‍ യുവാവിനെ മര്‍ദ്ദിച്ചതെന്നാണ് വിവരം.

ആര്‍ക്കാണ് സ്വര്‍ണ്ണം മറിച്ചുനല്‍കുന്നതെന്നും ഏത് സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും മനസിലാക്കാന്‍ വേണ്ടിയായിരുന്നു പീഡനം.

വിദേശത്ത് നിന്നും കൊടുത്തുവിട്ട സ്വര്‍ണ്ണം, മറ്റൊരു സംഘത്തിന് കൈമാറിയതോടെ ഇത് തിരിച്ചെടുക്കാനാണ് പന്തിരിക്കര സ്വദേശി ഇര്‍ഷാദിനെ സംഘം തട്ടിക്കൊണ്ടുപോയത്. താമരശ്ശേരി കൈതപ്പൊയില്‍ സ്വദേശി മുഹമ്മദ് സ്വാലിഹ് എന്ന 916 നാസറായിരുന്നു മുഖ്യ ആസൂത്രകന്‍. ഇയാളുടെ സഹോദരന്‍ ഷംനാദ്, സുഹൃത്തായ ഉവൈസ് എന്നിവരും കുറ്റകൃത്യത്തില്‍ മുഖ്യ പങ്കാളികളായി. സംഘാംഗങ്ങളായ ഇര്‍ഷാദ്, മിസ്ഹര്‍, ഷാനവാസ് എന്നിവര്‍ ഇന്നലെ കല്‍പ്പറ്റ സി.ജെ.എം കോടതിയിലെത്തി കീഴടങ്ങിയിരുന്നു.