‘ബസിലെ യാത്രക്കാരിൽ മൊത്തം ചോരയാണ്, എനിക്ക് തലകറങ്ങുന്നു, റോംങ്ങ് സൈഡിലൂടെ പാഞ്ഞ് ചെന്ന് നേർക്കുനേർ ഇടിച്ചതാണ്’; നന്തി ബസാറില്‍ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെകുറിച്ച് നടുവത്തൂര്‍ സ്വദേശി പറയുന്നു
കൊയിലാണ്ടി: ‘എൻ്റെ ഭാര്യയും ഈ ബസിലുണ്ടായിരുന്നു, ദൈവാധീനം കൊണ്ട് വലിയ പരുക്കില്ലാതെ രക്ഷപ്പെട്ടു”…നന്തി ബസാറില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിന്നും ഭാര്യ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് നടുവത്തൂര്‍ സ്വദേശിയായ ശ്രീകുമാര്‍. സമൂഹമാധ്യമത്തിലൂടെയാണ് അപകടത്തെകുറിച്ച് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്.
കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ നിന്നാണ് ഭാര്യയെ ഹോളിമാത ബസില്‍ കയറ്റി വിട്ടത്. ആളുകളെ ഇറക്കാന്‍ ക്ഷമയില്ലാതെ റേയ്‌സിങ്ങ് കാറിനെ പോലെ പോവാന്‍ തയ്യാറെടുത്ത് നില്‍ക്കുകയായിരുന്നു ബസ്. ഇത് കണ്ടതോടെ ഭാര്യയോട് ബസിന് നടുവിലെ സീറ്റിലേക്ക് മാറിയിരിക്കാന്‍ പറഞ്ഞു. അതുകൊണ്ട് വലിയ പരിക്കുകളില്ലാതെ അവള്‍ രക്ഷപ്പെട്ടു. ബസുകള്‍ കൂട്ടിയിടിച്ചപ്പോള്‍ സീറ്റില്‍ നിന്ന് തെറിച്ച് അടിച്ച് വീണ് കൈക്കാണ് ഭാര്യയ്ക്ക് പരിക്കേറ്റതെന്ന് കുറിപ്പില്‍ പറയുന്നു. മാത്രമല്ല ബസിലെ ഡ്രൈവറുടെ തോന്ന്യാസമാണ് അപകടത്തിന് കാരണമെന്ന് ഭാര്യ പറഞ്ഞതായും കുറിപ്പില്‍ പറയുന്നുണ്ട്.
കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം
എൻ്റെ ഭാര്യയും ഈ ബസിലുണ്ടായിരുന്നു. ദൈവാധീനം കൊണ്ട് വലിയ പരുക്കില്ലാതെ രക്ഷപ്പെട്ടു.
ബസ് മുന്നിലുള്ള ബസുമായി കൂട്ടിയിടിച്ചപ്പോൾ സീറ്റിൽ നിന്ന് തെറിച്ചു അടിച്ചു വീണ് കൈക്ക് ചെറിയ പരുക്കുണ്ട്.
അങ്ങനെ ചെറിയ പരുക്കോടെ രക്ഷപ്പെടാൻ ഒരു കാരണവുമുണ്ട്.
ഇന്ന് ഉച്ചക്ക് ഏകദേശം ഒന്നേകാലോടെ ഞാൻ ബൈക്കിൽ ഭാര്യയെ കൊയിലാണ്ടി പഴയ ബസ്റ്റാൻ്റിൽ drop ചെയ്യുന്നു.
ഞങ്ങൾ സ്റ്റാൻ്റിൽ എത്തിയ ഉടനെ കോഴിക്കോട് ഭാഗത്തുനിന്ന് ഹോളിമാത എന്ന് പേരുള്ള ഒരു ബസ് വളഞ്ഞു പുളഞ്ഞ് വെട്ടിച്ച് ചീറിപ്പാഞ്ഞു വന്ന് സ്റ്റാൻ്റിൽ നിർത്തുന്നു. ആളുകൾ ഇറങ്ങാൻ അവർക്ക് ക്ഷമയില്ല,,, ഡോറിൽ കൈ കൊണ്ട് ഉച്ചത്തിൽ അടിച്ചുക്കൊണ്ട് കണ്ടക്ടർ അലറി വിളിക്കുന്നു,,, ഇറങ്ങ്,, ഇറങ്ങ്,..അങ്ങ് .ഇറങ്ങ്യൂട്… അതിനിടെ ഡ്രൈവർ മുന്നോട്ടും ഡോറിലേക്കും മാറി മാറി അസ്വസ്ഥനായി നോക്കിക്കൊണ്ട് start വിസിലിനു കാത്തു നിൽക്കുന്ന റേയ്‌സിങ്ങ് കാറിനെ പോലെ ബസിൻ്റെ ആക്സിലറേറ്റർ റെയ്സു ചെയ്തുകൊണ്ടിരിക്കുന്നു.
എൻ്റെ ഭാര്യ ബസിൽ കയറി എനിക്ക് ഒരു ടാറ്റയും തന്ന് മുന്നോട്ട് ചില്ലിനടുത്തേക്കുള്ള സീറ്റിലേക്ക് പോകാൻ തുനിയവെ, ഞാൻ അവളോട് ” ബസിന് നടുവിലേക്കുള്ള സീറ്റിലേക്ക് പോയിരിക്കാൻ ആംഗ്യം കാണിച്ചു. അവളത് തെല്ല് വൈമനസ്യത്തോടെ അനുസരിച്ച് തിരിച്ചു നടന്ന് ഡോറിനടുത്തുള്ള സീറ്റിൽ ഇരുന്നു. അതിനിടെ തന്നെ തുടർച്ചയായി ബെല്ലടിച്ചു കൊണ്ട് ആ ബസ് അതിവേഗത്തിൽ വെട്ടിച്ചു വെട്ടിച്ച് കൊണ്ട് മുന്നോട്ട് പാഞ്ഞുപോയി. ബസ്സിൻ്റെ ആ പോക്ക് കണ്ട് നാലഞ്ച് സെക്കൻ്റ് നേരം ഞാൻ സ്തംബ്ദനായി നോക്കി നിന്നു പോയി.
ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി കൊല്ലം ഭാഗത്തേക്ക് യാത്ര തുടർന്നു. SBI യുടെ മുന്നിലെത്തിയപ്പോൾ മഴ ചാറി,,,, ബേങ്കിന് മുന്നിലുള്ള Parking shed ൽ ബൈക്ക് നിർത്തി ഇറങ്ങി നിന്നു,,, അവിടെ നിന്നു കൊണ്ട് ഒരു phone Call ചെയ്തു…. മൂന്നോ നാലോ മിനുട്ടായിക്കാണും അത് അവസാനിച്ച ഉടനെ തന്നെ ഭാര്യയുടെ call വന്നു…. എടുത്ത ഉടനെ അലറിയുള്ള കരച്ചിലാണ് കേട്ടത്,,, ഞാൻ ഹലോ ഹലോ എന്താ അവിടെ,,, എന്ന് ചോദിച്ചപ്പോ കരഞ്ഞുകൊണ്ടവൾ പറഞ്ഞു,,, ഞാൻ കയറിയ ബസ് വേറൊരു ബസുമായി കൂട്ടിയിടിച്ചു,,, ബസിലെ യാത്രക്കാരിൽ മൊത്തം ചോരയാണ് എനിക്ക് തലകറങ്ങുന്നു…. കൂട്ട നിലവിളിയും ബഹളവും,,, അതിനിടെ ” എനിക്കൊന്നും പറ്റിയിട്ടില്ല” എന്നും അവൾ ഒരു വിധം പറഞ്ഞൊപ്പിച്ചു,,, എന്തൊക്കെയോ പറഞ്ഞ് ഞാനവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
ബഹളത്തിൽ നിന്ന് മാറി നിന്ന ശേഷം അവൾ തുടർന്നു,,,, ഈ ബസിലെ ഡ്രൈവറുടെ തോന്യാസമാണ്,,, റോംങ്ങ് സൈഡിലൂടെ പാഞ്ഞ് ചെന്ന് എതിരെ വന്ന ബസിൽ നേർക്കുനേർ ഇടിച്ചതാണ്,,, ഇടിച്ച ഉടനെ അവൻ ഇറങ്ങി ഓടിക്കളഞ്ഞു,,, അവൻ്റെ കോലവും മട്ടും ഭാവവും ഓടിക്കലും കണ്ടപ്പോഴേ എനിക്ക് തോന്നിയതാ,,.. ഈ ബസ് എത്തേണ്ടിടത്ത് എത്തുമോ ഭഗവാനേ,,, എന്ന്. മറ്റു യാത്രക്കാരും വലിയ അപകടനിലയിലേക്ക് പോകാതെ രക്ഷപ്പെടുത്തണേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഞാൻ ഫോൺ വെച്ചു നേരെ അപകടം നടന്ന നന്തിയിലേക്ക്.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു കോഴിക്കോട് നിന്ന് ഇരിട്ടിയിലേക്ക് പോകുന്ന ഹോളിമാത ബസും കണ്ണൂര്‍ ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എല്‍.11 സിബി 1989 മിന്നല്‍ ബസും നന്തി മേല്‍പ്പാലത്തിന് മുകളില്‍ കുട്ടിയിടിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കുണ്ട്. ബസ് യാത്രക്കാരെ നാട്ടുകാരും ഇതുവഴി കടന്നുപോകുന്ന യാത്രക്കാരും ബസില്‍ നിന്നും പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. നന്തിയിലെ സ്വകാര്യ ആശുപത്രിയിലും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്കുമാണ് പരിക്കേറ്റവരെ കൊണ്ടുപോയത്.