കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്നതിനിടെ പിടിയിലായ ചോറോട് സ്വദേശിയ്ക്കും സുഹൃത്തിനും പോലീസ് കാവല്‍; നടപടി സ്വര്‍ണക്കടത്തുസംഘത്തിന്റെ ഭീഷണിയുണ്ടെന്ന വിവരത്തെ തുടര്‍ന്ന്



വടകര: കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്നതിനിടെ പിടിയിലായ ശേഷം ജാമ്യത്തിലിറങ്ങിയ ചോറോട് സ്വദേശിക്കും സുഹൃത്തിനും പോലീസ് കാവല്‍. സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുന്‍കരുതലെന്ന നിലയില്‍ കാവലേര്‍പ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി.

ചോറോട് ചെട്ട്യാര്‍കണ്ടി ജസീല്‍, സുഹൃത്ത് പതിയാരക്കരയിലെ ഇസ്മയില്‍ എന്നിവര്‍ക്കാണ് കാവല്‍. ഇതില്‍ ഇസ്മയില്‍ പോലീസ് കാവലിനിടെ വീട്ടില്‍നിന്നും രക്ഷപ്പെട്ടു. സെപ്റ്റംബര്‍ 12-നാണ് ജസീലിനെ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് പേസ്റ്റ് രൂപത്തിലാക്കിയ രണ്ട് ക്യാപ്സ്യൂള്‍ സ്വര്‍ണവുമായി സി.ഐ.എസ്.എഫ്. പിടികൂടി കസ്റ്റംസിനെ ഏല്‍പ്പിച്ചത്. 500 ഗ്രാം സ്വര്‍ണമുണ്ടായിരുന്നു ഇത്. ബെംഗളൂരുവഴി ഡല്‍ഹിയിലേക്ക് പോകുന്നതിനിടെയായിരുന്നു അറസ്റ്റ്.

സെപ്റ്റംബര്‍ 11-നാണ് ഇയാള്‍ ബഹ്റൈനില്‍നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തിയത്. വരുമ്പോള്‍ ഒരു കിലോഗ്രാം തൂക്കംവരുന്ന നാല് കാപ്സ്യൂളുകള്‍ കടത്തിയിരുന്നെന്നും ഇതില്‍ 500 ഗ്രാം തൂക്കമുള്ള രണ്ട് കാപ്സ്യൂളുകള്‍ ആര്‍ക്കാണോ സ്വര്‍ണം എത്തിക്കേണ്ടത് ആ സംഘത്തിന് നല്‍കാതെ മറിച്ച് നല്‍കിയെന്നുമാണ് പോലീസ് പറയുന്നത്.

ഇസ്മയിലിനെയാണ് ഇത് ഏല്‍പ്പിച്ചതെന്ന് പറയുന്നു. ബാക്കി സ്വര്‍ണവുമായി ഡല്‍ഹിയിലേക്ക് പോകുന്നതിനിടെയാണ് വിമാനത്താവളത്തില്‍ പിടിയിലായത്. ജാമ്യത്തിലിറങ്ങുമ്പോള്‍ തനിക്ക് ഭീഷണിയുണ്ടെന്ന് ജസീല്‍ കസ്റ്റംസിന് മൊഴി നല്‍കി. തുടര്‍ന്ന് മടന്നൂര്‍ പോലീസ് വഴി വടകര പോലീസില്‍ വിവരമറിയിക്കുകയും വടകര പോലീസെത്തി ഇയാളെ വീട്ടിലെത്തിക്കുകയുമായിരുന്നു. ജസീലിനെ തേടി വീട്ടിലും ഫോണ്‍വിളികള്‍ വന്നിരുന്നു. ജാമ്യത്തിലിറങ്ങിയാലുടന്‍ തട്ടിക്കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്ന് പോലീസും വിലയിരുത്തി.

പേരാമ്പ്ര പന്തിരിക്കര സംഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് പെട്ടെന്നുതന്നെ പോലീസിനെ കാവല്‍ നിര്‍ത്തിയത്.

summary: they were caught while smuggling gold through kannur airport and were guarded by the police