കേരളത്തിന് അഭിമാനമായി ചക്കിട്ടപാറയുടെ സ്വന്തം നയന ജയിംസ്; ദേശീയ ഗെയിംസില്‍ ചാടിയെടുത്തത് സ്വര്‍ണ്ണ മെഡല്‍


അഹമ്മദാബാദ്: 36-ാം ദേശീയ ഗെയിംസില്‍ കേരളത്തിന് സ്വര്‍ണത്തിളക്കമേകി ചക്കിട്ടപ്പാറ സ്വദേശി നയനാ ജയിംസ്. കേരളത്തിനായി മത്സരത്തിനിറങ്ങിയ നയന വനിതകളുടെ ലോങ് ജംപിലാണ് മെഡല്‍ സ്വന്തമാക്കിയിരിക്കുന്നത്. ഈയിനത്തില്‍ വെങ്കലവും കേരളത്തിന് തന്നെ. ശ്രുതി ലക്ഷ്മിയാണ് വെങ്കലം സ്വന്തമാക്കിയത്. പഞ്ചാബിന്റെ ഷൈലി സിങിനാണ് വെള്ളി.

6.33 മീറ്റര്‍ താണ്ടിയാണ് നയനയുടെ മുന്നേറ്റം. 2017ല്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ താരമാണ് നയന. അതേസമയം മറ്റൊരു മെഡല്‍ പ്രതീക്ഷയായിരുന്ന ആന്‍സി സോജന് നിരാശയായിരുന്നു ഫലം. താരം ആറാമതാണ് എത്തിയത്.

ഫെന്‍സിങ്ങില്‍ കേരളം നാലാം മെഡല്‍ സ്വന്തമാക്കി. വനിതകളുടെ ഫോയില്‍ വിഭാഗത്തില്‍ കേരളം വെള്ളി നേടി. വാശിയേറിയ പോരാട്ടത്തില്‍ കേരളം മണിപ്പുരിനോട് തോല്‍ക്കുകയായിരുന്നു. സ്‌കോര്‍: 41-45. കഴിഞ്ഞ ദിവസം വുമണ്‍ എപ്പേ വ്യക്തിഗത ഇനത്തില്‍ കേരളത്തിന്റെ ഗ്രേഷ്മ എം.എസ് മെഡലുറപ്പാക്കിയിരുന്നു.

summary: a native of chakkittappara won a gold medal to long jump in 36 national games