തുടരെ തുടരെ അപകടങ്ങൾ; ഒടുവിൽ ലോറി ഇടിച്ച് തെറിപ്പിച്ചു; കൊയിലാണ്ടി നഗരത്തിൽ യാത്രക്കാർക്ക് ഭീഷണിയായ ഡിവൈഡർ നീക്കം ചെയ്തു


കൊയിലാണ്ടി: ഒടുവിൽ അപകടക്കെണിക്ക് അപകടത്തിലൂടെ തന്നെ മറുപടി. തുടർച്ചയായി കൊയിലാണ്ടിയിൽ അപകടമുണ്ടാക്കിയ ഡിവൈഡർ മാറ്റി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ മുൻവശത്തുള്ള ഡിവൈഡറാണ് മാറ്റിയത്. ഇന്ന് വെളുപ്പിനെ ഒരു മണിയോടെ വടകര ഭാഗത്തേക്ക് പോകുന്ന ചരക്കുലോറി ഡിവൈഡറിൽ ഇടിച്ച് അപകടത്തിൽ പെടുകയുണ്ടായി. ഇടിയുടെ ആഘാതത്തിൽ ഡിവൈഡർ തെറിച്ച് റോഡിൻറെ മറുവശത്തേക്ക് പോവുകയായിരുന്നു. ഇതിനെ തുടർന്ന് കൊയിലാണ്ടി അഗ്‌നിരക്ഷ സേന എത്തി ഡിവൈഡർ റോഡിൽ നിന്നും നീക്കുകയായിരുന്നു.

ഫെബ്രുവരി ആദ്യ വാരമാണ് കൊയിലാണ്ടിയിൽ ഡിവൈഡറുകൾ സ്ഥാപിച്ചത്. അതിനു മുൻപ് പരീക്ഷണാർത്ഥം മണൽച്ചാക്കുകൾ ആയിരുന്നു. എന്നാൽ അന്ന് നിരവധി ഇരുചക്ര വാഹനക്കാർ അപകടത്തിൽ പെട്ടിരുന്നു. ഡിവൈഡർ സ്ഥാപിച്ചതിനു ശേഷം മുപ്പതോളം വാഹനങ്ങൾ ഡിവൈഡറിൽ കയറി അപകടം പറ്റുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടം കുറയ്ക്കാനും നഗര സൌന്ദര്യവൽക്കരണത്തിൻ്റെയും ഭാഗമായി പട്ടണത്തിൽ ഡിവൈഡറികൾ സ്ഥാപിച്ചത്. എന്നാൽ കൂടുതൽ അപകടങ്ങൾക്ക് വഴിയൊരുക്കുകയായിരുന്നു ഇത്.

മെയ് പതിനാലു മുതലുള്ള ഒരാഴ്ച തുടരെ തുടരെ വാഹനാപകടങ്ങൾ ഉണ്ടായി. കാറുകളോടൊപ്പം കെ.എസ്.ആർ.ടി.സി യും ലോറിയും പിക്ക് ഉപ്പും എല്ലാം ഇവിടെ അപകടത്തിൽപെട്ടിരുന്നു. അപകടങ്ങൾ തുടർകഥയായതിനെ തുടർന്ന് ഇതിനെതിരെ നിരവധി പരാതികൾ ഉയർന്നു. പ്രതിഷേധവും വ്യാപകമായിരുന്നു. വേണ്ടത്ര വെളിച്ചവും, ഡിവൈഡർ മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതുമാണ് അപകടം സംഭവിക്കാൻ കാരണം. വെളിച്ചക്കുറവിനു പുറമേ മഴ കാലത്ത് അതും അപകട സാധ്യത വർദ്ധിപ്പിക്കാനൊരു കാരണമായെന്ന് ഡ്രൈവര്‍മാര്‍ പറയുന്നത്.

രാത്രി കാലങ്ങളിലാണ് അപകടങ്ങൾ കൂടുതലായി ഉണ്ടാവുന്നത്. സ്ഥിരമായി ഒരേ സ്വഭാവത്തിലുള്ള അപകടം ഉണ്ടാവുമ്പോഴും അതിന് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ ദേശീയപാത അതോറിറ്റിയില്‍ നിന്നോ നഗരസഭയില്‍ നിന്നോ ട്രാഫിക് പൊലീസിന്റെ ഭാഗത്തുനിന്നോ ഉണ്ടാവുന്നില്ലയെന്ന വിമര്‍ശനം ശക്തമായിരുന്നു. റിഫ്ലക്റ്റീവ് സ്റ്റിക്കർ എങ്കിലും പതിപ്പിക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു.

കൊയിലാണ്ടി താലൂക്ക് ആശുപത്രി പ്രധാന ഗേറ്റിന് മുന്‍ഭാഗത്തായാണ് ഡിവൈഡറുകള്‍ ഉണ്ടായിരുന്നത്. ഇവിടെ റോഡിന് ചെറിയൊരു വളവുണ്ട്. താലൂക്ക് ആശുപത്രിയ്ക്ക് മുന്‍പില്‍ വെളിച്ചവും കുറവാണ്. വിസിബിലിറ്റി കുറവായതിനാല്‍ ഡിവൈഡര്‍ കാണാതെ പോകുന്നതാണ് അപകടങ്ങള്‍ക്ക് വഴിയൊരുക്കിയതെന്നും ടാക്സി ഡ്രൈവർമാർ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.