പഠിക്കാന്‍ സാഹചര്യമില്ലാതിരുന്നിട്ടും നന്നായി പഠിക്കുന്ന കുട്ടി, എല്‍എസ്എസ്, യുഎസ്എസ് നേടിയിട്ടുണ്ട്, പുസ്തകം എടുക്കാനെന്ന് പറഞ്ഞ് പോയ അര്‍ച്ചനയെ പിന്നീട് കണ്ടത് കത്തിക്കരിഞ്ഞ നിലയില്‍, ഞെട്ടല്‍ മാറാതെ എകരൂല്‍


ബാലുശ്ശേരി: അച്ഛന്റെ വീട്ടില്‍ നിന്നും പുസ്തകം എടുക്കാനെന്ന് പറഞ്ഞ് വീട്ടിലേക്ക് പോയ അര്‍ച്ചനയെ പിന്നീട് കണ്ടത് കത്തിക്കരിഞ്ഞ നിലയില്‍. സംഭവത്തിന്റെ ഞെട്ടലിലാണ് എകരൂലിലെ നാട്ടുകാര്‍. ഇന്ന് രാവിലെയാണ് നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ അര്‍ച്ചനയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

എന്നത്തേയും പോലെ രാവിലെ ആറ് മണിക്ക് നാല് മക്കളെയും അച്ഛന്റെ വീട്ടിലാക്കിയാണ് അര്‍ച്ചനയുടെ അമ്മ സചിത്ര ജോലിക്കായി മിംസ് ഹോസ്പിറ്റലിലേക്ക് പോയത്. സാധാരണ അച്ഛന്റെ വീട്ടില്‍ നിന്നാണ് നാല് പേരും പഠിക്കാനായി പോകുന്നത്.

എന്നാല്‍ ഇന്ന് ഒരു പുസ്തകം എടുക്കാനുണ്ടെന്ന് പറഞ്ഞ് അര്‍ച്ചന സ്വന്തം വീട്ടിലേക്ക് തിരിച്ചുവരികയായിരുന്നു. ലൈഫ് ഭവന പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടിന്റെ പണി പൂര്‍ത്തിയാകാത്തതിനാല്‍ ഷീറ്റ് കൊണ്ട് മറിച്ച വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്. വഴിയാത്രക്കാരന്‍ വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട് ഒച്ചവച്ചതിനെത്തുടര്‍ന്ന് അടുത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ ഓടിക്കൂടുകയുമായിരുന്നു.

അപകട കാരണം വ്യക്തമായിട്ടില്ല. സംഭവ അര്‍ച്ചന മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛനും അമ്മയും മൂന്ന് സഹോദരങ്ങളും അമ്മയും അടങ്ങുന്നതാണ് കുടുംബം. കോഴിക്കോട് ഒരു വീട്ടില്‍ താമസിച്ച് ജോലി ചെയ്യുന്ന അമ്മമ്മ ഇടയ്ക്ക് മാത്രമാണ് വീട്ടില്‍ എത്താറുള്ളത്. അച്ഛന്‍: പ്രസാദ്. അമ്മ: സചിത്ര. സഹോദരങ്ങള്‍: സ്നേഹല്‍ദാസ്, ഹൃദ്വിക്, ഹൃദുല്‍ദേവ്.

പഠിക്കാന്‍ ഒട്ടും സാഹചര്യമില്ലാതിരുന്നിട്ടും നന്നായി പഠിക്കുന്ന വിദ്യാര്‍ഥിനിയായിരുന്നു അര്‍ച്ചനയെന്ന് വാര്‍ഡ് മെമ്പര്‍ കാഞ്ചന രാജന്‍ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. എല്‍എസ്എസും യുഎസ്എസും കരസ്ഥമാക്കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോലീസും ഫോറന്‍സിക് സംഘവും വീട്ടില്‍ പരിശോധന നടത്തി.