കോഴിക്കോട്ട് നിര്‍ത്തിയിട്ട കാറിന് തീ പിടിച്ചു; കാർ പൂർണ്ണമായും കത്തി നശിച്ചു


കോഴിക്കോട്: നടക്കാവിൽ നിർത്തിയിട്ട കാറിന് തീ പിടിച്ചു. പുതിയ ലാന്‍ഡ്റോവറിന്‍റെ വെലാര്‍ കാറിനാണ് തീ പിടിച്ചത്. കാർ പൂർണ്ണമായും കത്തി നശിച്ചു. രാവിലെ ഏഴു മണിയോടെയാണ് സംഭവം. കിഴക്കേ നടക്കാവില്‍ സിറാജ് ദിനപ്പത്രത്തിന്‍റെ ഓഫീസിനോട് ചേര്‍ന്ന സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനാണ് തീപിടിച്ചത്.

കോഴിക്കോട്ടെ വ്യാപാരിയായ പ്രജീഷിന്‍റെതാണ് കാര്‍. സമീപത്തുള്ള ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കാനായി വന്നതായിരുന്നു പ്രജീഷ്. വാഹനം നിര്‍ത്തി കളിക്കാനായി പോകുമ്പോഴാണ് വാഹനത്തില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ടത്.

പുക ഉയരുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന ആളുകളെല്ലാം എത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് അഗ്നിശമനസമാന സേനയെ വിവരമറിയിക്കുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്സും എത്തിയാണ് തീ അണച്ചത്.