വീട്ടിൽ അതിക്രമിച്ച് കയറി അക്രമം; പുറമേരി സ്വദേശികളായ പ്രതികൾക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി


വടകര: വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരെ ആക്രമിച്ച കേസിൽ ശിക്ഷ വിധിച്ച് വടകര അസിസ്റ്റൻ്റ്സ് സെഷൻസ് കോടതി. വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെയും, ഭർത്താവിനെയും, ഭർതൃമാതാവിനെയും ആക്രമിച്ചു എന്നതായിരുന്നു കേസ്. കേസിൽ നാലു പ്രതികൾക്കാണ് ശിക്ഷ. പുറമേരി സ്വദേശികളായ കളരി കൂടത്തിൽ അശ്വിൻ പ്രസാദ്, കുനിയിൽ പ്രണവം അശ്വിൻ, കുനിയിൽ ശ്രീറാം, പുളിക്കുമീത്തൽ രോഹിത് രാജ് എന്നിവരെയാണ് വടകര അസിസ്റ്റൻ്റ്സ് സെഷൻസ് കോടതി ജഡ്ജ് ജോജി തോമസ് ശിക്ഷിച്ചത്. അഞ്ചാം പ്രതി കുറ്റകൃത്യം നടക്കുന്ന സമയത്ത് പ്രായപൂർത്തിയാകാത്തതിനാൽ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കി ജുവനൈൽ ജസ്റ്റിസ് ബോർഡിലേക്ക് അയക്കാനും കോടതി ഉത്തരവിട്ടു. നാല് പ്രതികൾക്ക് മൂന്നു വർഷംവീതം കഠിനതടവും, പതിനാ യിരം രൂപവീതം പിഴയുമാണ് ശിക്ഷ. പിഴസംഖ്യയിൽനിന്നും 20,000 രൂപ പരാതിക്കാരിക്കു നൽകാനും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവൺമെൻ്റ് പ്ലീഡർ കെ.കെ.ഷീജ ഹാജരായി.