വാടകവീട് കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന, പിടിച്ചെടുത്തത് വന്‍തോതില്‍ എം.ഡി.എം.എ; താമരശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട, അഞ്ച് പേര്‍ അറസ്റ്റില്‍
താമരശ്ശേരി: താമരശ്ശേരിയില്‍ വന്‍മയക്കുമരുന്ന് വേട്ട. മണാശ്ശേരി ഭാഗത്ത് നടത്തിയ പരിശോധനയില്‍ 616.5ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ എക്‌സൈസ് സംഘം പിടികൂടിയിട്ടുണ്ട്.
താമരശ്ശേരി തച്ചംപൊയില്‍ വെളുപ്പാന്‍ചാലില്‍ മുബഷീര്‍ (24), പുതുപ്പാടി വെസ്റ്റ് കൈതപ്പൊയില്‍ പുഴങ്കുന്നുമ്മല്‍ ആഷിഖ് (34) എന്നിവരാണ് ആദ്യം പിടിയിലായത്. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും രണ്ട് മൊബൈല്‍ ഫോണുകളും 72500രൂപയും ഇവരില്‍ നിന്നും പിടികൂടിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കൂട്ടാളികളായ മൂന്നുപേര്‍ കൂടി പിടിയിലായത്.
താമരശ്ശേരി ചുടലമുക്ക് അരേറ്റക്കുന്നുമ്മല്‍ ഹബീബ് റഹ്‌മാന്‍ (23), എളേറ്റില്‍ വട്ടോളി കരിമ്പാപൊയില്‍ ഫായിസ് മുഹമ്മദ് (27), ചേളന്നൂര്‍ പള്ളിയാറപ്പൊയില്‍ ജാഫര്‍ സാദിഖ് (28) എന്നിവരെ മണാശ്ശേരിയില്‍ വാടകമുറിയില്‍ വെച്ച് പിടികൂടുകയായിരുന്നു. ഇവരില്‍ നിന്നും 43ഗ്രാം എം.ഡി.എം.എയും 12500 രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഗിരീഷ് കുമാര്‍, എക്‌സൈസ് കമ്മീഷണറുടെ കീഴിലുള്ള സ്‌ക്വാഡ് അംഗം ഷിജുമോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.