ചക്കിട്ടപ്പാറയില്‍ ചെന്നായ ആക്രമണം; മൂന്ന് പശുക്കളെ കൊന്നുതിന്നു


ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറയില്‍ മേയാന്‍വിട്ട പശുക്കളെ ചെന്നായക്കൂട്ടം കൊന്നുതിന്നു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന് കീഴിലുള്ള ടാപ്പിങ് തൊഴിലാളിയായ മഞ്ഞുണ്ണീമ്മല്‍ രാജീവന്റെ മൂന്ന് പശുക്കളെയാണ് ചെന്നായക്കൂട്ടം കൊന്നുതിന്നത്.

ചക്കിട്ടപ്പാറ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് സംഭവം. കൊന്നുതിന്ന പശുക്കളില്‍ ഒന്നിന്റെ അസ്ഥിക്കൂടം മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ടാപ്പിങ്ങിനായി പുലര്‍ച്ചെ തോട്ടത്തിലെത്തിയ തൊഴിലാളികളാണ് ചെന്നായക്കൂട്ടം പശുക്കളെ ആക്രമിക്കുന്നത് കണ്ടത്. ഇതിനകം ഒരു പശുവിനെ പൂര്‍ണമായി കൊന്നുതിന്നിരുന്നു. മറ്റുപശുക്കളെ ആക്രമിച്ചുകൊണ്ടിരിക്കെയാണ് തൊഴിലാളികള്‍ ഇത് കണ്ടത്. ഈ സമയത്ത് സംഘം കൂട്ടമായി തിരികെയെത്തിയതിനെ തുടര്‍ന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തുടര്‍ന്ന് ഇവയെ കാട്ടിനുള്ളിലേക്ക് തന്നെ തുരത്തുകയായിരുന്നു.

ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് രാജീവന്‍ വനംവകുപ്പ് അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ചക്കിട്ടപ്പാറ പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ ബിന്ദു വത്സന്‍, വെറ്ററിനറി ഡോക്ടര്‍ ജിത്തുരാജ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.