വിറക് പുരയ്ക്ക് തീയിട്ടു, കിണര്‍ മലിനമാക്കി, പൈപ്പുകള്‍ അടിച്ചുപൊട്ടിച്ചു; തിരുവള്ളൂര്‍ ചാനിയംകടവില്‍ അയല്‍വാസി വീട്ടില്‍ കയറി യുവതിയെയും മക്കളെയും അക്രമിച്ചതായി പരാതി


വടകര: തിരുവള്ളൂരില്‍ അയല്‍വാസി വീട്ടില്‍ക്കയറി യുവതിയെയും മക്കളെയും അക്രമിച്ചതായി പരാതി. ചാനിയംകടവ് പരപ്പള്ളി താഴകുനി സല്‍മക്ക് നേരെയാണ് അക്രമണം ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ അല്‍വാസി തേവറോട്ട് അബ്ദുറഹിമാനെതിരെ സല്‍മ പോലീസില്‍ പരാതി നല്‍കി.

സല്‍മയുടെ വീടിന് സമീപത്തെ ഇടവഴിയിലൂടെ വീട്ടിലേക്ക് റോഡ് നിര്‍മ്മിക്കാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ചായിരുന്നു അക്രമണം. മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെ വീട്ടിലെത്തിയ അബ്ദുറഹിമാന്‍ വിറക് പുരയ്ക്ക് തീയിടുകയും കിണറ്റിലെ വെള്ളം മലിനമാക്കുകയും വീടിന് പുറത്ത് വെച്ചിരുന്ന ഗ്യാസ് കുറ്റികള്‍ കൊണ്ടുപോയെന്നുമാണ് പരാതിയില്‍ പറയുന്നത്.

കിണറ്റിലേക്ക് മലം തള്ളി മലിനമാക്കുകയും മോട്ടോര്‍ എടുത്തുകൊണ്ടുപോവുകയും ചെയ്തു. ഇതു കൂടാതെ വീടിന് പുറത്തുള്ള പൈപ്പുകളെല്ലാം അടിച്ചു പൊട്ടിച്ചു. വീടിന്റെ മുന്‍വശത്തുള്ള വാതിലില്‍ മലം തേച്ചുപ്പിടിപ്പിക്കുകയും ജനല്‍ച്ചില്ലുകള്‍ അടിച്ചുപൊട്ടിക്കുകയും ചെയ്തു. ഒപ്പം വഴി തര്‍ക്കമുള്ള ഇടവഴിയില്‍ സല്‍മ കെട്ടിയ അതിര് പൊളിച്ചുമാറ്റി കല്ലുകള്‍ പറിച്ചെറിഞ്ഞു. ശേഷം വീടിന് പുറകിലുള്ള വിറക് പുരയ്ക്ക് അബ്ദുറഹിമാന്‍ തീയിട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്.

വിറക് പുരയില്‍ നിന്നും തീ ഉയര്‍ന്നതോടെ സമീപത്തെ വീട്ടിലെ പട്ടി നിര്‍ത്താതെ കുരച്ചപ്പോഴാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. പട്ടി കുരച്ചത് എന്തിനാണെന്ന് നോക്കാനായി പുറത്തിറങ്ങിയ അയല്‍വീട്ടുകാരാണ് തീപ്പിടുത്തം ആദ്യം കണ്ടത്. തുടര്‍ന്ന് സല്‍മയെ വിവരമറിയിച്ചു. പിന്നാലെ പ്രദേശവാസികള്‍ ഓടിയെത്തി തീ അണയ്ക്കുകയായിരുന്നു. സംഭവ സമയത്ത് സല്‍മയുടെ ഭര്‍ത്താവ് ബഷീര്‍ ബാംഗ്ലൂരിലായിരുന്നു.

തുടര്‍ന്ന് വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസും നാട്ടുകാരും സ്ഥലത്തെത്തിയതോടെ അബ്ദുറഹിമാന്‍ വീട്ടില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു. എന്നാല്‍ പോലീസും പ്രദേശവാസികളും പോയതോടെ വീണ്ടും വീട്ടിലേക്ക് തിരിച്ചെത്തിയ അബ്ദുറഹിമാന്‍ സല്‍മയെ അക്രമിച്ചു. പരിക്കേറ്റതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ സല്‍മയെ കാഷ്വാലിറ്റിയിലെത്തി ഇയാള്‍ വീണ്ടും അക്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഓക്‌സിജന്‍ സിലിണ്ടര്‍ ഉപയോഗിച്ച് സല്‍മയുടെ വലത് കാലിന് ഇയാള്‍ അടിക്കുകയായിരുന്നു. തുടര്‍ന്ന് 4-5 ദിവസം സല്‍മയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.

‘നാട്ടിലും രാഷ്ട്രീയത്തിലും സ്വാധീനമുള്ള അബ്ദുറഹിമാന്‍ ബന്ധങ്ങള്‍ ഉപയോഗിച്ച് വാര്‍ത്തകള്‍ വരാതിരിക്കാന്‍ പരാമവധി ശ്രമിച്ചുവെന്നും ഒടുവില്‍ പ്രദേശത്തെ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ സമീപിച്ചപ്പോഴാണ് അക്രമണം മാധ്യമങ്ങളില്‍ എത്തിയതെന്നും’ ബഷീര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കൂടാതെ ഇവരുടെ വീടും പരിസരവും ഡിവൈ എഫ് ഐ പ്രവര്‍ത്തകര്‍ വൃത്തിയാക്കി വാസയോഗ്യമാക്കി കൊടുക്കുകയും ചെയ്തു. അക്രമണത്തിന് പിന്നാലെ കെ.പി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ വീട് സന്ദര്‍ശിച്ചിരുന്നു. നിലവില്‍ പോലീസ് അറസ്റ്റ് ചെയ്ത അബ്ദുറഹിമാന്‍ റിമാന്റിലാണ്.