റേഷന്‍ വിതരണം പ്രതിസന്ധിയിലേക്ക്; അനിശ്ചിതകാല സമരത്തിനൊരുങ്ങി ട്രാന്സ്പോര്ട്ടേഷന് കരാറുകാര്‍
കോഴിക്കോട്: റേഷന്‍ ട്രാന്സ്പോര്ട്ടേഷന് കരാറുകാര്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ റേഷന്‍ വിതരണം പ്രതിസന്ധിയിലേക്ക്. കുടിശ്ശിക തന്നുതീര്ക്കുന്നതില് സപ്ലൈക്കോ വീഴ്ചവരുത്തിയെന്നാരോപിച്ചാണ് പണിമുടക്ക്. പണിമുടക്ക് ആരംഭിച്ചാല്‍ സംസ്ഥാനത്തെ റേഷന്‍ വിതരണവും സംഭരണവും തടസപ്പെടും.
റേഷന്‍ ട്രാന്സ്പോര്ട്ടേഷന് കരാറുകാരുടെ സംഘടന നാളെ മുതല്‍ പണിമുടക്കായിരിക്കുമെന്ന് അറിയിച്ചു. കുടിശ്ശിക തന്നു തീര്‍ക്കാതെ മുന്നോട്ടുപോകാനാവില്ലെന്നും കരാറുകാര്‍ വ്യക്തമാക്കി.
നൂറു കോടി രൂപയാണ് കരാറുകാര്‍ക്ക് കുടിശികയുണ്ടായിരുന്നത്. നവകേരള സദസ്സ് നടക്കുന്ന വേളയില്‍ കരാറുകാര്‍ സമരത്തിലേക്ക് നീങ്ങിയിരുന്നു. എന്നാല്‍ കുടിശ്ശിക നല്‍കാമെന്ന ഉറപ്പില്‍ സമരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. നൂറുകോടിയില്‍ പതിനാല് കോടി മാത്രമാണ് കരാറുകാര്‍ക്ക് നല്‍കിയത്. ഇതോടെയാണ് കരാറുകാര്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്.