”പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കൊല്ലം പിഷാരികാവ് ക്ഷേത്രപരിസരത്ത് ആയിരങ്ങളുടെ കയ്യടി വാങ്ങിയ ആ ഗായകന്‍” മണക്കാട് രാജന്റെ കണ്ണീരുപ്പ് കലര്‍ന്ന ജീവിതകഥ പറഞ്ഞ് ശശീന്ദ്രന്‍ ചാലക്കുടി


ശശീന്ദ്രന്‍ ചാലക്കുടി

കൊയിലാണ്ടി: ഗാനസ്മൃതിയുടെ ഓര്‍മ്മചെപ്പില്‍ ഗായകന്‍ മണക്കാട് രാജന്‍! പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്ക് അടുത്ത കൊല്ലം പിഷാരികാവ് ക്ഷേത്രപരിസരത്തു ആയിരങ്ങള്‍ തിങ്ങി നിറഞ്ഞ സദസ്സിന് മുന്‍പില്‍ ആ ചെറുപ്പക്കാരന്‍ നിന്ന് പാടുകയാണ് ‘ശങ്കരാ….. ശങ്കരാഭരണത്തിലെ ഹിറ്റ് ഗാനം. പാടികഴിഞ്ഞതും ജനസമുദ്രം നിന്ന് കൈയടിച്ചു. വണ്‍സ് മോര്‍ ഒരിക്കല്‍ കൂടി സദസ്സില്‍ നിന്നും ഏറെ പേരും ആവശ്യപെട്ടു. അത്രയ്ക്കും ഗംഭീരം ആയിരുന്നു ആ ആലാപനം. രണ്ടാമത് ഒന്ന് ആവര്‍ത്തിച്ചാല്‍ തൊണ്ടയ്ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടും മറ്റു ഗായകര്‍ കാത്ത് നില്‍ക്കുന്നതിനാലും ഗായകന്‍ ക്ഷമാപണതോടെ കൈകൂപ്പി കാര്യം പറഞ്ഞു.

അമ്പിളിയുടെ വീണ പൂവ് ചിത്രം ഇറങ്ങിയ കാലം കോഴിക്കോട്ടെ പൂക്കാട് എന്നസ്ഥലത്ത് ഒരു കലാപരിപാടി ഉദ്ഘാടനം നിര്‍വഹിക്കുന്നു ഗാനഗന്ധര്‍വ്വന്‍. കുറച്ചു സമയം അദ്ദേഹം സദസ്സില്‍ മുന്‍നിരയില്‍ ഇരുന്നു. മണക്കാട് രാജന്റെ ഗാനമേള തുടങ്ങി. സ്വര്‍ഗങ്ങളെ….. നഷ്ടസ്വര്‍ഗങ്ങളേ….. വീണപൂവിലെ ഗാനം അതീവ ഹൃദ്യമായി രാജന്‍ പാടിതുടങ്ങി. ഗായകന്റെ ആലാപനമാധുര്യം യേശുദാസ് ശ്രദ്ധിച്ചു. വേദി വിട്ടുപോകുന്നതിനു മുന്‍പ് അദ്ദേഹം ഗായകനെ പറ്റി ചോദിച്ചു. ദാസേട്ടന്റെ മുഖം കണ്ടു ആ ഗാനം പാടിയപ്പോള്‍ തന്റെ ശരീരം പലപ്പോഴും കോരിത്തരിച്ചു എന്ന് പിന്നീട് ഗായകന്‍ പറഞ്ഞിരുന്നു.

കാലചക്രം പിന്നെയും തിരിഞ്ഞു. പതിറ്റാണ്ടുകള്‍ പോയ് മറഞ്ഞു. കൊയിലാണ്ടിക്ക് അടുത്ത ഒരു ഗ്രാമത്തിലെ ആ കൊച്ചു വീട്ടില്‍ ചലനമില്ലാതെ കിടക്കുന്നു ഗായകന്‍. വലത് വശം പൂര്‍ണമായും തളര്‍ന്ന് കിടക്കുന്ന ഗായകന് ട്യൂബിലൂടെ ഭക്ഷണവും മരുന്നും. പരിചരിക്കാന്‍ ഭാര്യ ശാരദ എന്ന മാണിക്യം മകന്‍ ഓട്ടോ ഡ്രൈവര്‍ ശ്യാം രാജ് ഭാര്യ സീന 48വര്‍ഷത്തെ സംഗീത ജീവിതത്തില്‍ മലബാറിലെ സംഗീത സദസുകളില്‍ ടോപ് സിങ്ങര്‍ ആയി നിറഞ്ഞുനിന്ന് മണക്കാട് രാജന്‍ കിടന്നകിടപ്പില്‍ രണ്ടു വര്‍ഷം.

പന്ത്രണ്ടു വയസ്സില്‍ തുടങ്ങിയ ആ സംഗീത ജീവിതത്തില്‍ അന്നത്തെ അഷ്ടിക്കുള്ള വക മാത്രമേ കണ്ടെത്തായുള്ളൂ. ഒന്നും കൂട്ടിവയ്ക്കാന്‍ കഴിഞ്ഞില്ല. കോവിഡ് മൂലം പരിപാടികള്‍ നന്നേ കുറഞ്ഞത് ആ ജീവിതത്തെ ബാധിച്ചു. അങ്ങിനെയാണ് ലോട്ടറി കടയില്‍ ജീവനക്കാരന്‍ ആയത്. മാതൃഭൂമി അത് വാര്‍ത്തയാക്കി. പിന്നീടാണ് ശരീരം തളര്‍ന്നു പോയത്. പിന്നെ ദുരിതപൂര്‍ണമായ ആ ജീവിതം അധികമാരും അറിഞ്ഞില്ല. ഗായകന്‍ ഇപ്പോള്‍ എന്തുചെയ്യുന്നു എന്ന ഞങ്ങളുടെ അന്വേഷണത്തിനു സഹായിച്ചത് മാതൃഭൂമി ലേഖകന്‍ യു. ഉണ്ണികൃഷ്ണന്‍. ഫോണിന്റെ മറുതലക്കല്‍ ഗായകന്റെ കുടുംബത്തെ ഒന്നടങ്കം നിര്‍ത്തേണ്ടിവന്നു. ഭാര്യ ശാരദ മകന്റെ ഭാര്യ സീന. കാരണം രാജേട്ടന്റെ ഓര്‍മ്മകളുടെ താമരയിതളുകള്‍ ഓരോന്നായി വിടര്‍ത്തണം എങ്കില്‍ അവരുടെ സഹായം വേണം. സംസാരിക്കുമ്പോള്‍ വാക്കുകള്‍ മുറിഞ്ഞു പോകും.

അങ്ങിനെ അഭിമുഖം ആരംഭിച്ചു. വയസ്സ് എത്രയായി? രാജേട്ടന്‍ ഒന്ന് തപ്പി പ്രിയതമ ഉത്തരം പറഞ്ഞു 69. ഏതൊക്കെ പാട്ടുകാര്‍ സഹഗായകര്‍ ആയി. ആ ചോദ്യത്തിനും ഉത്തരം അവര്‍ തന്നെ തന്നു. ഒട്ടുമിക്ക പ്രസിദ്ധരും അല്ലാത്തവരും കൂടെ പാടിയിരുന്നു. ഓര്‍മ്മകള്‍ ഇടയ്ക് കയറി വരുമ്പോള്‍ അദ്ദേഹം സംസാരിക്കുന്നുണ്ട്. ഗായകന്‍ ഗോപാലകൃഷ്ണന്‍ കടലുണ്ടി ഇദ്ദേഹത്തിന്റെ ശിഷ്യന്‍ ആണ്. ശിഷ്യനെ പറ്റി പറഞ്ഞപ്പോള്‍ ഗുരുനാഥന്‍ ഉഷാറായി. ഒരു മണിക്കൂര്‍ നേരം ഓര്‍മ്മകള്‍ ഉണര്‍ത്തി ഉണര്‍ത്തി ഗായകനെ കൊണ്ട് ഓരോന്ന് പറയിച്ചു. ഒടുവില്‍ ആ ചോദ്യം ഞാന്‍ ചോദിച്ചു ഇഷ്ട ഗാനം ഏതാണ് ഒന്നു പാട്‌മോ? അല്‍പനേരം നിശബ്ദത പിന്നെ മണക്കാട് രാജന്‍ ആ പഴയ ഗായകന്‍ ആയി കുറച്ചു നേരമെങ്കിലും. അദ്ദേഹം പാടി തുടങ്ങി… സ്വര്‍ഗങ്ങളെ…. സ്വര്‍ഗങ്ങളെ…. നഷ്ടസ്വര്‍ഗങ്ങളെ….. പാട്ട് നിന്നു . ഞാന്‍ പാട്ന്നത് ദാസേട്ടന്‍ കേട്ട ഗാനം ഗായകന്‍ പറഞ്ഞു. വീണപൂവ് എന്ന ചിത്രം അതിന്റെ എല്ലാമായ അമ്പിളി സംവിധാനം ചെയ്ത് ദാസേട്ടനെ കൊണ്ട് പാടിച്ച ഗാനം. അമ്പിളിചേട്ടന്‍ ഈ ലേഖകന്റെ വിളിപ്പാട് അകലെ വിളിച്ചാല്‍ എടുക്കും താങ്കളെ പറ്റി അദ്ദേഹത്തൊട് പറയും തുടര്‍ന് പാടിക്കോ ഇത് കേട്ട് ഗായകന്‍ ഉഷാറായി!ഗാനം തുടര്‍ന്നു.

‘അമൃതകുംഭങ്ങളാല്‍ അഭിഷേകമാടിയ ആഷാഡപൂജാരി എവിടെ മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ മായാമയൂരമിന്നെവിടെ …. നഷ്ട സ്വര്‍ഗങ്ങളെ…. ഇത് കേട്ട് തീര്‍ച്ചയായും ശാരദയുടെ കണ്ണുകള്‍ നിറഞ്ഞു കാണും. കാരണം ഒന്നിനും ഒരു താല്പര്യം ഇല്ലാതെ ആരോടും ഒരഞ്ചു മിനുട്ട് പോലും സംസാരിക്കാന്‍ ഇഷ്ടപെടാത്ത ഗായകന്‍ ഇവിടെ ഒരു മണിക്കൂര്‍ ആണ് ഫോണിന്റെ മറുതലക്കല്‍ നിന്നത്! വീണ്ടും ആ മായാമയൂരം മനസ്സില്‍ പീലി വിടര്‍ത്തിയ പോലെ.. അങ്ങിനെ ഏകദേശം പകുതിയോളം വാക്കുകള്‍ ഇടമുറിയാതെ ഗായകന്‍ പാടി.

ഇതിനിടയില്‍ മറ്റൊരു നിമിത്തം സംഭവിച്ചു. അഭിമുഖം നടക്കുന്ന വേളയില്‍ ഒരു പരിചിതമല്ലാത്ത നമ്പറില്‍ നിന്നും ഒരു കാള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നു. നഷ്ടസ്വര്‍ഗങ്ങളെ പാടികൊണ്ടിരിക്കുമ്പോള്‍ ആയിരുന്നു.എ ല്ലാം കഴിഞ്ഞു തിരിച്ചു വിളിച്ചപ്പോഴാണ് അത്രയും നേരം വിളിച്ചത് ഗാനഗന്ധര്‍വ്വന്റെ ചങ്കിന്റെ ചങ്കായ സംഗീതഅദ്ധ്യാപകന്‍ തൃശൂര്‍ സ്വദേശി ബേബി ചേട്ടന്‍ ആയിരുന്നു. അദ്ദേഹത്തെ പരിചയപെട്ടിട്ടു ഏതാനും മാസങ്ങള്‍ ആയി. പുതിയ നമ്പര്‍ അറിയിക്കാന്‍ വിളിച്ചതാണ്. ഇതൊരു നിമിത്തം ആണല്ലോ ബേബി ചേട്ടാ കണ്ണീരുപ്പ് കലര്‍ന്ന ഒരു പാവം പ്രൊഫഷണല്‍ ഗായകന്റെ ജീവിത കഥ ഞാന്‍ പറയട്ടെ. ബേബി ചേട്ടന്‍ കാതോര്‍ത്തു. ഒരു വാക്ക് പോലും വിട്ടു പോകാതെ അദ്ദേഹത്തിന്റെ മുന്‍പില്‍ ആ ജീവിതം പറഞ്ഞു. സംഗീതലോകത്തെ സുമനുസ്സ്‌കളിലേക്ക് ഗായകന്റെ ഇന്നത്തെ സ്ഥിതി എത്തിക്കാനുള്ള എന്റെ എളിയ ശ്രമത്തിന് ദാസേട്ടന്റെ കണ്ണിന്റെ കണ്ണ് അനുഗ്രഹാശിസ്സുകള്‍ നേര്‍ന്നു.. ‘നിന്നെ ദൈവം അനുഗ്രഹിക്കട്ടെ ‘അദ്ദേഹം പറഞ്ഞു.

തുടര്‍ച്ചയായ ചികിത്സ എഴുനേറ്റ് പതുക്കെ നടക്കുന്ന പരുവത്തില്‍ ആയി. പക്ഷെ കൈ ചലനശേഷി തിരിച്ചുകിട്ടിയില്ല. ഭക്ഷണം വാരികൊടുക്കണം. 48വര്‍ഷത്തെ സംഗീത ജീവിതത്തിനു തെളിവില്ല. ആരൊക്കയോ റെക്കോര്‍ഡ് ചെയ്ത കാസറ്റുകള്‍ എവിടെയോ ഉണ്ട്. കൈയ്യില്‍ ഒന്നുമില്ല. ഒരു ഗാനം എങ്കിലും ഇവിടെ കൊടുക്കാന്‍ കഴിയാതെ വന്നു. അപ്പോഴാണ് ശിഷ്യന്‍ ഗോപാല കൃഷ്ണന്‍ കടലുണ്ടി സഹായവുമായി വന്നത്. ഒരു പാട്ട് ഗുരുവിനു സമര്‍പ്പിച്ച് പാടി തന്നു. ഇതൊട്കൂടി ആ ഗാനം കൊടുക്കുന്നു. ‘ആയിരം മുഖങ്ങള്‍ ഞാന്‍ കണ്ടു ‘ പശ്ചാത്തല സംഗീതം ഇല്ലാതെ ഗോപു ഗുരുവിനു സമര്‍പ്പിക്കുന്നു.

സര്‍ക്കാറിന്റെ സഹായത്തില്‍ പണിത രണ്ടു മുറി കുഞ്ഞുവീട്ടില്‍ ആ അഞ്ചുപേര്‍ ഗായകനും ഭാര്യയും മകനും കുടുംബവും താമസിക്കുന്നു. മരുന്നിനു മാസം വലിയ തുക വേണം. സുമനസ്സുകളുടെ അറിവിലേക്ക് മകന്‍ ശ്യാം രാജിന്റെ ബാങ്ക് അക്കൗണ്ട് നമ്പര്‍ കൊടുക്കുന്നു. നിങ്ങള്‍ ചെയ്യുന്ന ഒരു ചെറിയ സഹായം പോലും അവര്‍ക്ക് വലിയ ആശ്വാസമാകും. ശശീന്ദ്രന്‍ കൊയിലാണ്ടി.

ബാങ്ക് വിവരങ്ങള്‍ താഴെ.

Canara Bank koyilandy
Shyamraj
Account no: 44022610006160. I. F. S. C code no:CNRB 0014402