ന്യൂയര്‍ ആഘോഷം, കോഴിക്കോട് നഗരത്തില്‍ ഇന്ന് കര്‍ശന ഗതാഗത നിയന്ത്രണം; ഈ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല, വിശദമായി അറിയാം
കൊയിലാണ്ടി: കോഴിക്കോട് നഗരത്തില്‍ വാഹനങ്ങള്‍ക്ക് ഇന്ന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. പുതുവത്സര ആഘോഷം കണക്കിലെടുത്ത് കോഴിക്കോടിന്റെ നിരവധി ഭാഗങ്ങളില്‍ വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുളളത്.
മറ്റ് യാത്രക്കാരില്ലാത്ത ഡ്രൈവര്‍ മാത്രമുളള കാറുകള്‍ ഉള്‍പ്പെടെയുളള വാഹനങ്ങള്‍ക്ക് നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ചരക്കുവാഹനങ്ങള്‍ക്കും നഗരത്തിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്നും അനധികൃത പാര്‍ക്കിംങ് ചെയ്ത വാഹനനങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് നീക്കം ചെയ്യുമെന്നും പിഴ ഈടാക്കുമെന്നും ട്രാഫിക് അസി. കമീഷണര്‍ എ.ജെ. ജോണ്സണ് അറിയിച്ചു.
വൈകീട്ട് 3 മണിക്ക് ശേഷം ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഉണ്ടായിരിക്കും. സൗത്ത് ബീച്ച് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ യാതൊരുവിധ പാര്‍ക്കിംഗും അനുവദിക്കുന്നതല്ല. ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരായി നടപടികള്‍ സ്വീകരിക്കുന്നതിനായി നഗരത്തിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് 10 സബ് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധന നടത്തുമെന്ന് ട്രാഫിക് അസി. കമീഷണര്‍ പറഞ്ഞു.
പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന തരത്തില്‍ വാഹനങ്ങളില്‍ അഭ്യാസപ്രകടനങ്ങളും മറ്റും നടത്തുന്നവരുടെ പേരില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും കൂടാതെ നിയമലംഘകരുടെ ലൈസന്‍സ് സസ്പെന്ഷന് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതുമാണെന്ന് ട്രാഫിക് കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.