‘തിരുവങ്ങൂരില്‍ ദേശീയപാതയ്ക്ക് വെറ്റിലപ്പാറ മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് കമ്മിറ്റി സ്ഥലം വിട്ടുനല്‍കും’; നടപടിക്രമങ്ങളുമായി ദേശീയപാത അതോറിറ്റി മുന്നോട്ട്


തിരുവങ്ങൂര്‍: ദേശീയപാതയുടെ നിര്‍മ്മാണ പ്രവൃത്തി നടക്കുന്ന തിരുവങ്ങൂരില്‍ സര്‍വ്വീസ് റോഡിനായി സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് വെറ്റിലപ്പാറ മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് കമ്മിറ്റി. ദിവസങ്ങള്‍ക്ക് മുമ്പ് കലക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ വിഷയത്തില്‍ ധാരണയായിട്ടുണ്ടെന്നും പള്ളി കമ്മിറ്റി യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും പള്ളി കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

നേരത്തെ പള്ളി മുഴുവന്‍ പോകുന്ന തരത്തിലായിരുന്നു അലൈന്‍മെന്റ്. ഇതില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പള്ളിയുടെ 80%ത്തോളം നഷ്ടമാകും. ശേഷിക്കുന്ന സ്ഥലത്ത് പള്ളി പുതുക്കി പണിയാനാണ് ആലോചിക്കുന്നതെന്നും മുഹമ്മദ് വ്യക്തമാക്കി.

ദേശീയപാത അധികൃതരെത്തി സ്ഥലം അളന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട്. 40 സെന്റ് ഭൂമിയാണ് വിട്ടുകൊടുക്കുന്നത്. സ്ഥലം വിട്ടുനല്‍കുന്നതിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ കേസ് പിന്‍വലിച്ചശേഷം റവന്യൂ വിഭാഗം മറ്റുനടപടിക്രമങ്ങളുമായി മുന്നോട്ടുപോകുമെന്നാണ് അറിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയപാതയില്‍ തിരുവങ്ങൂര്‍ നരസിംഹ പാര്‍ഥസാരഥി ക്ഷേത്രത്തിനും വെറ്റിലപ്പാറ മുഹ്യുദ്ദിന്‍ ജുമാമസ്ജിദിനും ഇടയില്‍ സര്‍വ്വീസ് റോഡ് നിര്‍മ്മിക്കാതെയാണ് ദേശീയപാത നിര്‍മ്മാണം പുരോഗമിക്കുന്നത്. സ്ഥലം വിട്ടുകൊടുക്കുന്ന കാര്യത്തില്‍ ക്ഷേത്രത്തിലെയും പള്ളിയിലെയും അധികൃതരുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തര്‍ക്കമായിരുന്നു ഇതിന് കാരണം. സര്‍വ്വീസ് റോഡില്ലാതെ റോഡ് പണിയുന്നത് നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. പള്ളി കമ്മിറ്റി അധികൃതര്‍ സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറായത് റോഡിന്റെ സര്‍വ്വീസ് റോഡ് യാഥാര്‍ത്ഥ്യമാകാന്‍ സഹായിക്കും.