ബത്തേരിയില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു; മൃതദേഹ ഭാഗങ്ങള്‍ ഭക്ഷിച്ച നിലയില്‍


സുല്‍ത്താന്‍ബത്തേരി: ബത്തേരിയില്‍ കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. വാകേരി മൂടക്കൊല്ലിയില്‍ വയലിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രജീഷ് (36) ആണ് മരിച്ചത്. മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കടുവ ഭക്ഷിച്ച നിലയിലാണ്.

വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന ജനവാസ മേഖലയാണിത്. ഉച്ചയോടെ പശുവിന് പുല്ലുവെട്ടാന്‍ പോയതായിരുന്നു പ്രജീഷ്. തിരിച്ചെത്താത്തിനെത്തുടര്‍ന്ന് സഹോദരന്‍ അന്വേഷിച്ച് പോയപ്പോഴാണ് വയലില്‍ പാതി ഭക്ഷിച്ച നിലയില്‍ പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയത്.

കടുവയുടെ ആക്രമണമാണെന്നാണ് പ്രാഥമിക സ്ഥിരീകരണം. നേരത്തെ കടുവ ശല്യമുണ്ടായ പ്രദേശമാണിത്. കന്നുകാലികളെ കടുവ ആക്രമിച്ചിരുന്നു. കടുവ വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നതിനെതിരെ നാട്ടുകാര്‍ പലതവണ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.