‘മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നു, പിന്നില്‍ സി.പി.എമ്മും ഡി.വൈ.എഫ്.ഐയും’; കൊയിലാണ്ടിയില്‍ സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി നടത്തിയ പ്രസംഗം വിവാദത്തില്‍
കൊയിലാണ്ടി: മിശ്ര വിവാഹത്തിനെതിരെ വിവാദ പരാമര്‍ശവുമായി സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. സുന്നി മഹല്ല് ഫെഡറേഷന്‍ കോഴിക്കോട് ജില്ലാ സാരഥീസംഗമം കൊയിലാണ്ടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു പരാമര്‍ശം. മുസ്ലീം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്ര വിവാഹം നടത്തുന്നുവെന്നും, സിപിഎമ്മും ഡി.വൈ.എഫ്.ഐയുമാണ് ഇതിന് പിന്നിലെന്നുമാണ് നാസര്‍ ഫൈസി പറഞ്ഞത്.
പാര്‍ട്ടി ഓഫീസുകളിലും പത്ര ഓഫീസുകളിലും പാര്‍ട്ടി നേതാക്കന്മാരുടെയും പിന്‍ബലത്തില്‍ മുസ്ലീം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി അമുസ്ലീങ്ങള്‍ക്ക് വിവാഹം ചെയ്തു കൊടുക്കുന്ന വിധത്തില്‍ മിശ്ര വിവാഹം പ്രോത്സാഹിപ്പിക്കുന്ന സിപിഎമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും എസ്.എഫ്.ഐയുടെയും മതനിരാസത്തെ ശക്തമായി എതിര്‍ക്കാന്‍ മഹല്ല് ജമാ അത്തുകള്‍ സംഘടിച്ച് നിന്നേ മതിയാവുകയുള്ളുവെന്നും അദ്ധേഹം പറഞ്ഞു.
അതുകൊണ്ട് നമ്മള്‍ നമ്മുടേതായ ഇസ്ലാമികമായ ഐഡന്റിറ്റി കളഞ്ഞുകുളിക്കണമെന്ന് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസിലെ തിട്ടൂരം വെച്ചുകൊണ്ട് മുസ്ലീം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോവാനാണ് ചില ആളുകളുടെ തന്ത്രമെങ്കില്‍ അതിനെ ശക്തമായി എതിര്‍ക്കാന്‍ മഹല്ല് ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഒരു ഭാഗത്ത് പിത്ഹത്തിനെതിരെ ശക്തമായി ചെറുത്ത് നില്‍പ്പ് നടത്തുകയും അതേ തൂക്കത്തിലും അതിലുപരി ശക്തമായി ചെറുത്ത് നില്‍പ് മിശ്രവിവാഹങ്ങളും മതേതരത്തിന്റെ ലേബല്‍ ഒട്ടിച്ച് കടന്നുവരുന്ന കുറുക്ക കൗശലവുമായി രംഗത്ത് വരുന്ന സി.പി.എമ്മിന്റെ തതന്ത്രങ്ങളെ തിരിച്ചറിയാന്‍ മഹല്ല് കമ്മിറ്റികള്‍ ജാഗ്രത പുലര്‍ത്തണമെന്ന്
സൂചിപ്പിച്ചുകൊണ്ടാണ് നാസര്‍ ഫൈസി ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചത്.
ഇതിന് മുമ്പും നാസര്‍ ഫൈസി ഇത്തരത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. കമ്മ്യൂണിസം സമൂഹത്തില്‍ നിലനില്‍ക്കേണ്ട ആശമല്ലെന്നും ആശയം അന്യവല്‍ക്കരിക്കപ്പെട്ടുവെന്നും എസ്.എഫ്.ഐ ക്യാമ്പസുകളില്‍ മത വിരുദ്ധത പ്രചരിപ്പിക്കുന്നുണ്ടെന്നും എന്നായിരുന്നു മുമ്പ് നടത്തിയ വിവാദ പരാമര്‍ശം.
എന്നാല്‍ പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി നാസര്‍ ഫൈസി രംഗത്ത് വന്നിരുന്നു. മുസ്ലിം പെൺകുട്ടികളെ പ്രണയം നടിച്ച് വശീകരിച്ച് കൊണ്ടുപോകുന്നു എന്നതാണ് തട്ടിക്കൊണ്ടു പോകൽ എന്നതുകൊണ്ട് ഉദ്ദേശിച്ചത്’. കായികമായി തട്ടിക്കൊണ്ടുപോകുന്നു എന്ന അർത്ഥത്തിലല്ല എന്നാണ് വിശദീകരണം.
സിപിഐഎം ആണ് ഇതിന് പിന്നിലെന്നും ക്യാമ്പസുകളിൽ എസ്എഫ്ഐ നടത്തുന്ന മൈ ബോഡി മൈ ചോയ്സ് എന്ന ക്യാമ്പയിൻ ഇതിന്റെ ഭാഗമാണെന്നും, ‘ലൗ ജിഹാദും തന്റെ പരാമർശവും തമ്മിൽ കൂട്ടികെട്ടേണ്ടതില്ല. സമസ്തയുടെ നിലപാട് നേതൃത്വം പറയും’. സമസ്ത പഠിപ്പിച്ച കാര്യങ്ങളാണ് താൻ പറയുന്നതെന്നുമാണ് നാസർ ഫൈസി കൂടത്തായി പറഞ്ഞത്.