എന്‍ഐഎ റെയ്ഡ്: കോഴിക്കോട്ടെ ചായക്കടത്തൊഴിലാളിയായ പതിനേഴുകാരനെ ചോദ്യം ചെയ്തു, എന്‍ഐഎ ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ്
കോഴിക്കോട്: ഭീകരാക്രമണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പാക്കിസ്ഥാന് പിന്തുണയുള്ള ഭീകര സംഘടനയുമായി ബന്ധപ്പെട്ട് കോഴിക്കോട് നടത്തിയ പരിശോധനയില്‍ നഗരത്തിലെ ചായക്കടയില്‍ തൊഴിലാളിയായ പതിനേഴുകാരനെ ലഖ്നൗവില്‍ നിന്നെത്തിയ എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
ഡിസംബര്‍ 27ന് ലഖ്നൗവിലുള്ള എന്‍ഐഎ ഓഫീസില്‍ ഹാജരാകാന്‍ ഇയാള്‍ക്ക് നോട്ടീസ് നല്കി. ലഖ്നൗ സ്വദേശിയായ ഇയാളെ കോടതിക്കടുത്തുള്ള ചായക്കടയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഏതാണ്ട് 40 മിനുറ്റോളം ഇയാളെ സംഘം ചോദ്യം ചെയ്തു. 20 ദിവസം മുമ്പാണ് ഇയാള്‍ ജോലി തേടി കേരളത്തിലെത്തിയത്.
പാക് ബന്ധമുള്ള തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഉത്തരേന്ത്യയിലെ ഗസ് വ ഹിന്ദിന്റെ പ്രവര്‍ത്തകനുമായി ഇയാള്‍ ഫോണില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. സാമൂഹിക മാധ്യമ ഗ്രൂപ്പുകളിലൂടെ ചാവേറുകളെ റിക്രൂട്ട് ചെയ്യുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് എന്‍ഐഎ സംഘം അറിയിച്ചു.
ഞായറാഴ്ച കോഴിക്കോടിന് പുറമെ മധ്യപ്രദേശിലെ ദെവാസ്, ഗുജറാത്തിലെ ഗിര്മസോമനാഥ്, യുപിയിലെ അസംഗഡ് എന്നിവിടങ്ങിള്‍ എന്‍ഐഎ സംഘം റെയ്ഡ് നടത്തിയിരുന്നു. പട്നയിലെ ഫുല്‍വാരിഷരിഫ് പോലീസ് സ്റ്റേഷനില്‍ 2022 ജൂലായ് 14ന് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം.