ചിങ്ങപ്പുരം സ്വദേശി ആദിനാഥിന്റെ ആത്മഹത്യ; ലാപ്‌ടോപിലേക്ക് വന്ന വ്യാജ സന്ദേശം പോളണ്ട് സര്‍വറില്‍ നിന്ന്, നിര്‍ണ്ണായക കണ്ടെത്തലുകളുമായി പോലീസ്


കൊയിലാണ്ടി: ചിങ്ങപ്പുരം സ്വദേശിയായ ആദിനാഥിന് ലാപ്‌ടോപിലേക്ക് വന്ന വ്യാജ സന്ദേശം പോളണ്ട് സര്‍വറില്‍ നിന്നാണെന്ന് സൈബര്‍ പോലീസ്. ക്യൂമെയന്‍.കോം എന്ന സൈറ്റില്‍ നിന്നാണ് സന്ദേശം ലഭിച്ചതെന്നും പോലീസ് അറിയിച്ചു.

സൈബര്‍ സെല്ലിന്റെ പേരില്‍ ലാപ്‌ടോപ്പിലേക്ക് വന്ന വ്യാജ സന്ദേശത്തെ തുടര്‍ന്നാണ് പതിനാറുകാരനായ ആദിനാഥ് ആത്മഹത്യ ചെയ്തത്. കോഴിക്കോട്ടെ ഫ്‌ലാറ്റിലാണ് ആദിനാഥിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ലാപ്ടോപ്പില്‍ സിനിമ കാണുന്നതിനിടയിലാണ് ആദിനാഥിന് സന്ദേശം ലഭിച്ചത്. 33900 രൂപ അടയ്ക്കണം എന്നായിരുന്നു അതില്‍ പറഞ്ഞത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയോട് സാമ്യമുള്ള സൈറ്റ് ഉപയോഗിച്ചാണ് ഹാക്കര്‍ വിദ്യാര്‍ഥിയോട് പണം ആവശ്യപ്പെട്ടത്. ബ്രൗസര്‍ ലോക്ക് ചെയ്തെന്നും കമ്പ്യൂട്ടര്‍ ബ്ലോക്ക് ചെയ്തെന്നുമുള്ള സന്ദേശത്തോടെയാണ് വ്യാജ എന്‍.സി.ആര്‍.ബി സ്‌ക്രീന്‍ ലാപ്ടോപ്പില്‍ വിദ്യാര്‍ഥി കണ്ടത്. ഒപ്പം സ്‌ക്രീനില്‍ അശോകസ്തംഭത്തിന്റെ അടയാളവും പതിപ്പിച്ചു.

നിയമവിരുദ്ധമായ സൈറ്റിലാണ് കയറിയതെന്നും അതിനാല്‍ പിഴയടക്കമെന്നും പറഞ്ഞാണ് പണം ആവശ്യപ്പെട്ടത്. പിഴയടച്ചില്ലെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുമെന്നും അറസ്റ്റു ചെയ്യുമെന്നും ഭീഷണിയുണ്ടായിരുന്നു.

പറഞ്ഞതുക നല്‍കിയില്ലെങ്കില്‍ രണ്ടുലക്ഷം രൂപ പിഴയുണ്ടാവുമെന്നും രണ്ടുവര്‍ഷം തടവുലഭിക്കുമെന്നും ഭീഷണിപ്പെടുത്തി. ആറുമണിക്കൂറിനുള്ളില്‍ പണം അടയ്ക്കണമെന്നായിരുന്നു മുന്നറിയിപ്പ്. ഇതെല്ലാം വായിച്ചതോടെയാണ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.