മലബാറിലെ ടൈഗര്‍ സഫാരി പാര്‍ക്കിനായി പരിഗണനയിലുള്ളത് പേരാമ്പ്ര മേഖലയിലെ രണ്ട് സ്ഥലങ്ങള്‍; എട്ടംഗ സമിതി ഉടന്‍ സ്ഥലം പരിശോധിക്കും


പേരാമ്പ്ര: വനംവകുപ്പ് മലബാറില്‍ തുറക്കാനുദ്ദേശിക്കുന്ന ടൈഗര്‍ സഫാരി പാര്‍ക്കിനായി കോഴിക്കോട് ജില്ലയില്‍ പരിഗണിക്കുന്നത് ചക്കിട്ടപ്പാറ പഞ്ചായത്തില്‍ ഉള്‍പ്പെട്ട രണ്ട് ഇടങ്ങള്‍. പന്നിക്കോട്ടൂര്‍ റിസര്‍വ് വനത്തിലെ 114 ഹെക്ടര്‍ സ്ഥലവും പേരാമ്പ്ര എസ്റ്റേറ്റിലെ ഒരു ഭാഗം എന്നിവയാണ് പരിഗണനയിലുള്ളത്. കോഴിക്കോട് ജില്ലയിലുള്ള ഈ രണ്ട് സ്ഥലങ്ങള്‍ക്ക് പുറമേ കണ്ണൂര്‍ ജില്ലയിലെ ആറളം വന്യജീവി സങ്കേതത്തോട് ചേര്‍ന്ന ഭൂമിയും പരിഗണനയിലുണ്ട്.

പന്നിക്കോട്ടൂര്‍ റിസര്‍വ് വനത്തില്‍ മലബാര്‍ വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെടാത്ത 114 ഹെക്ടര്‍ സ്ഥലമാണ് പരിഗണിക്കുന്നത്. വനംവകുപ്പ് പ്ലാന്റേഷന്‍ വകുപ്പിന് പാട്ടത്തിന് കൊടുത്തതാണ് പേരാമ്പ്ര എസ്റ്റേറ്റ്. ഈ ഭൂമി വിട്ടുകിട്ടുന്നതില്‍ സാങ്കേതികമായി എന്തെങ്കിലും പ്രയാസങ്ങളുണ്ടോയെന്നും പരിശോധിക്കും.

സ്ഥലം സംബന്ധിച്ച തീരുമാനമെടുക്കാന്‍ ചീഫ് വൈല്‍ഡ് വാര്‍ഡന്‍ ഗംഗാസിങ്ങിന്റെ നേതൃത്വത്തില്‍ എട്ടംഗ സമിതിക്ക് വനംവകുപ്പ് രൂപം നല്‍കിയിട്ടുണ്ട്. പരിഗണനയിലുള്ള മൂന്ന് ഇടങ്ങളും സമിതി ഉടന്‍ തന്നെ പരിശോധിക്കും.

സഫാരി പാര്‍ക്ക് ആരംഭിക്കുന്നതിനായി പ്രാഥമിക അനുമതികള്‍ക്ക് വേണ്ട നടപടികള്‍ ആരംഭിക്കാനും പരമാവധി നിയമ തടസങ്ങള്‍ ഒഴിവാക്കി പദ്ധതി എത്രയും വേഗം പൂര്‍ത്തീകരിക്കാനും യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വടക്കന്‍ ജില്ലകളില്‍ നിലവില്‍ ഇത്തരം പാര്‍ക്കുകളൊന്നുമില്ല. പെരുവണ്ണാമൂഴി, കക്കയം ഡാമുകള്‍ ഉള്‍പ്പെടെയുള്ള ടൂറിസം സര്‍ക്യൂട്ടായി വികസിച്ചാല്‍ ജില്ലയിലെ ടൂറിസം മേഖലയ്ക്കും അത് ഉണര്‍വാകും. അതിനിടെ, പദ്ധതിയെച്ചൊല്ലി പേരാമ്പ്ര മേഖലയില്‍ ആശങ്കയും രൂപപ്പെട്ടിട്ടുണ്ട്. പാര്‍ക്ക് വരുന്നത് ഭാവിയില്‍ പ്രദേശത്ത് ഗതാഗതനിയന്ത്രണം അടക്കമുള്ളവയ്ക്ക് ഇടയാക്കുമോ എന്ന സംശയമാണ് കര്‍ഷകസംഘടനകള്‍ ഉയര്‍ത്തുന്നത്.