രണ്ടുമാസങ്ങള്‍ക്കിടയില്‍ സംഭവിച്ചത് മുപ്പതോളം അപകടങ്ങള്‍; സംസ്ഥാന പാതയില്‍ മുക്കത്ത് അപകടങ്ങള്‍ പതിവാകുന്നു
മുക്കം: സംസ്ഥാനപാതയിലെ എരഞ്ഞിമാവിനും മുക്കത്തിനുമിടയില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നു. രണ്ടുമാസങ്ങള്‍ക്കിടയില്‍ ഇവിടെ നടന്നത് മുപ്പതോളം അപകടങ്ങളാണ്.
ചെറിയ മഴ പെയ്താല്‍കൂടി റോഡില്‍ വാഹനങ്ങള്‍ തെന്നിവീഴുന്നതാണ് അപകടങ്ങള്‍ക്ക് കാരണം. റോഡില്‍ വാഹനങ്ങള്‍ക്ക് പിടിത്തമില്ലാത്ത അവസ്ഥയും വാഹനങ്ങളുടെ അമിത വേഗതയും അപകടങ്ങളിലേക്ക് വഴിവെക്കുന്നു.
ഉച്ചയ്ക്ക് ഒന്നരയ്ക്കും രണ്ടിനുമിടയിലായി രണ്ടു അപകടങ്ങളാണ് ഞായറാഴ്ച മുക്കത്തിനും എരഞ്ഞിമാവിനുമിടയില് സംഭവിച്ചത്. ഗോതമ്പ റോഡില്‍ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണില്‍ ഇടിച്ചു മറിഞ്ഞു. കൂടാതെ കറുത്ത പറമ്പില്‍ മിനി പിക്അപ് നിയത്രണം വിട്ട മറഞ്ഞിരുന്നു.
മഴ ശക്തമായി തുടങ്ങിയ പത്തു ദിവസത്തിനിടെ ഏഴ് അപകടങ്ങളാണുണ്ടായത്.
ഈ മാസം ഏഴാം തിയ്യതി സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് കല്ലൂര്‍ സ്വദേശി മരിച്ചിരുന്നു.
മേയ് ഒന്നു മുതല്‍ ആറു വരെ കുളങ്ങര, നോര്‍ത്ത് കാരശ്ശേരി മാടാമ്പുറം വളവ്, കുറ്റുളിലുമായി അഞ്ച് അപകടങ്ങളാണ് ഉണ്ടായത്. രണ്ടു ദിവസം മുന്‍പും നെല്ലിക്കാം പറമ്പില്‍ കാര്‍ നിയന്ത്രണം വിട്ട് തെരുവ് വിളക്കിനായി സ്ഥാപിച്ച തൂണില്‍ ഇടിച്ച് അപകടമുണ്ടായിരുന്നു.
റോഡ് നിര്‍മ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുളളവര്‍ രംഗത്തിറങ്ങിയിരുന്നു. പ്രതിഷേധങ്ങളെ തുടര്‍ന്ന് കരാറുകാര്‍ പരിഹാര നടപടികള്‍ ചെയ്തിരുന്നു. എന്നാല്‍ നിരന്തരം ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് കാരണമായ റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയത കൂടി പരിശോധിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.