കക്കോടി സ്വദേശിയായ കെ.എസ്.ആര്‍.ടി.സി ഡ്രൈവറെയും കണ്ടക്ടറെയും ബസില്‍ക്കയറി ആക്രമിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍; മൂന്നുപേര്‍ അറസ്റ്റില്‍


കോഴിക്കോട്: മദ്യലഹരിയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ബസില്‍ കയറ്റാതെ പോയ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മര്‍ദ്ദനം. കക്കോടി ജയപുരിയില്‍ കെ.ശശികുമാറിനും (51)നും കണ്ടക്ടര്‍ പോത്തന്‍കോട് സ്വദേശി അന്‍സര്‍ഷാ(39)യ്ക്കുമാണ് മര്‍ദ്ദനമേറ്റത്.

പശ്ചിമബംഗാള്‍ സ്വദേശികളായ ഹൈദര്‍ അലി (31), സ്വദേശി സമീര്‍ ഭൗമിക് (27), അസാം സ്വദേശി മിഥുന്‍ദാസ് (27) എന്നിവരാണ് മര്‍ദ്ദിച്ചത്. ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

ഞായറാഴ്ച വൈകിട്ട് മൂന്നര മണിയോടുകൂടി പോത്തന്‍കോട് കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിലായിരുന്നു സംഭവം. പോത്തന്‍കോടിനടുത്ത് പ്ലാമൂട് ബസ് സ്റ്റോപ്പില്‍ നിന്ന് നൂറുമീറ്റര്‍ മാറിനിന്ന മദ്യലഹരിയായിരുന്ന തൊഴിലാളികള്‍ റോഡിന്റെ മധ്യഭാഗത്തുനിന്നുകൊണ്ട് ബസിന് കൈകാണിച്ചശേഷം ബസില്‍ ശക്തമായി അടിച്ചു. ഡ്രൈവര്‍ ബസ് നിര്‍ത്താതെ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിലേക്ക് യാത്ര തുടര്‍ന്നു.

പിന്നാലെ വന്ന തൊഴിലാളികള്‍ മറ്റൊരു ബസില്‍ക്കയറി ഡിപ്പോയിലെത്തി ബസിനുള്ളില്‍ കയറുകയും ഡ്രൈവറെ മര്‍ദ്ദിക്കുകയുമായിരുന്നു. ശശികുമാറിന്റെ വലതുകൈ വിരലിന് ഗുരുതര പരിക്കുണ്ട്. ശശികുമാറിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അസര്‍ഷായ്ക്ക് വയറ്റില്‍ ചവിട്ടേറ്റത്. ഇരുവരും കന്യാകുളങ്ങര ഗവ.ആശുപത്രിയില്‍ ചികിത്സ തേടി.

അറസ്റ്റിലായ പശ്ചിമബംഗാള്‍ സ്വദേശികള്‍ നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.