ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പട്ടാപ്പകല്‍ കക്കൂസ് മാലിന്യം ഒഴുക്കാന്‍ ശ്രമം; വാഹനവും ജീവനക്കാരെയും കസ്റ്റഡിയിലെടുത്ത് കൊയിലാണ്ടി പൊലീസ്



ചേമഞ്ചേരി: റെയിവെ സ്റ്റേഷന്‍ പരിസരത്ത് കക്കൂസ് മാലിന്യം ഒഴുക്കാന്‍ വന്ന വാഹനവും ജീവനക്കാരും കസ്റ്റഡിയില്‍. ടാങ്കര്‍ ലോറി സംശയം തോന്നി അതുവഴി കടന്നുപോയ പൊലീസ് വാഹനം പരിശോധിക്കുകയായിരുന്നു.

കൊയിലാണ്ടി സി.ഐ. എന്‍.വി.ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ വിശ്വനാഥനും സംഘവുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ പതിമൂന്നാം തിയ്യതി മറ്റൊരു ടാങ്കര്‍ ഇതെ സ്ഥലത്ത് മാലിന്യം തള്ളുന്നത് കല്ല് കയറ്റി പോകുന്ന ലോറിക്കാരന്റെ ശ്രദ്ധയില്‍പ്പെടുകയും അദ്ദേഹം തടയാന്‍ ശ്രമിച്ചപ്പോള്‍ രക്ഷപ്പെടുകയുമായിരുന്നു.

ലോറിക്കാരന്‍ നമ്പര്‍ നോട്ട് ചെയ്ത് കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ആ വണ്ടി ഇന്നലെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ഇന്ന് രാവിലെ ഏകദേശം 10.30 യോടെ ഇതേ പ്രദേശത്ത് മാലിന്യം തട്ടാന്‍ ശ്രമം നടന്നത്.

പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, വാർഡ് മെമ്പർ രാജേഷ് കുന്നുമ്മല്‍ തുടങ്ങിയവർ സ്ഥലത്തെത്തി. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് ഇവർക്കെതിരെ നടപടിയുമായി മുന്നോട്ടുപോകുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.