കൊയിലാണ്ടിയില്‍ വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരുടെ അറസ്റ്റില്‍ പ്രതിഷേധം; എം.എസ്.എഫ് കമ്മീഷണര്‍ ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം, ഇരുപതോളം പ്രവര്‍ത്തകര്‍ അറസ്റ്റില്‍


കോഴിക്കോട്: എം.എസ്.എഫിന്റെ കമ്മീഷണര്‍ ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം. വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ച എം.എസ്.എഫ് പ്രവര്‍ത്തകരെ കൈവിലങ്ങണിയിച്ച് കൊണ്ടുപോയതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.

ബാരിക്കേഡ് മറിച്ചിട്ട് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. നിരവധി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ജില്ലാ പ്രസിഡന്റ് അഫ്‌നാസ് ചോറോട്, സംസ്ഥാന വൈസ് പ്രസിഡന്റ് സ്വാഹിബ് മുഹമ്മദ്, സെക്രട്ടറി ശാക്കിര്‍ പാറയില്‍, ട്രഷറര്‍ ഷമീര്‍ പാഴൂര്‍, അജ്മല്‍ കൂനഞ്ചേരി, ആസിഫ് കലാം തുടങ്ങി ഇരുപതോളം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച കൊയിലാണ്ടിയിലാണ് വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ചതിന്റെ പേരില്‍ എം.എസ്.എഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തത്. എം.എസ്.എഫ് ജില്ലാ സെക്രട്ടറി ടി.പി.അഫ്രീന്‍, മണ്ഡലം സെക്രട്ടറി ഹസീഫ് എന്നിവരെയാണ് കൈവിലങ്ങ് അണിയിച്ച് പൊലീസ് കൊണ്ടുപോയത്.