മന്ത്രി വി ശിവൻകുട്ടിക്ക് നേരെ കൊയിലാണ്ടിയിൽ കരിങ്കൊടി; എം.എസ്.എഫ് പ്രവർത്തകരെ കയ്യാമംവെച്ച് അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം


കൊയിലാണ്ടി: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി കാട്ടിയ എം.എസ്.എഫ് പ്രവർത്തകരെ കയ്യാമം വെച്ച അറസ്റ്റ് ചെയ്ത് പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം. കോഴിക്കോട് ജില്ലാ എം.എസ്.എഫിന്റെ ക്യാമ്പസ് വി​ങ് കൺവീനർ അഡ്വ. മുഹമ്മദ് അഫ്രിൻ ന്യൂമാൻ, എം.എസ്.എഫ് കൊയിലാണ്ടി മണ്ഡലം സെക്രട്ടറി ഫസീവ് എന്നീ രണ്ടുപേരെയാണ് പോലീസ് കയ്യാമം വെച്ച് അറസ്റ്റു ചെയ്തത്. പി.കെ. ഫിറോസ്, കെ.എം. ഷാജി തുടങ്ങിയ സംസ്ഥാന നേതാക്കള്‍ സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

കൊയിലാണ്ടിയിൽ പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രിയുടെ വാഹനം കടന്നുപോകുമ്പോൾ കരിങ്കൊടി കാണിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. പ്ലസ് വൺ സീറ്റുമായി ബന്ധപ്പെട്ട വിഷയത്തിലാണ് വിദ്യാഭ്യാസ മന്ത്രിക്ക് നേരെ പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. പ്ലസ് വൺ പ്രവേശനത്തിനായി രണ്ട് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചെങ്കിലും മുഴുവൻ വിഷയങ്ങളിലും എപ്ലസ് കിട്ടിയ വിദ്യാർത്ഥികൾ അടക്കം പ്രവേശനം നോടാൻ സാധിക്കാതെ പുറത്താണെന്ന് എം.എസ്.എഫ് ആരോപിച്ചു. വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യത്തിന് വേണ്ടിയാണ് പ്രതിഷേധം സംഘടിപ്പിച്ചതതെന്നും പ്രവർത്തകർ പറയുന്നു.

​ഗുരുതരമായ കുറ്റ കൃത്യങ്ങൾ ചെയ്യുന്നവരെ അറസ്റ്റു ചെയ്യുന്നത് പോലെ പ്രവർത്തകരെ കൊണ്ടുപോയതിൽ മുസ്ലീം ലീ​ഗിലും എം.എസ്.എഫിലും കടുത്ത പ്രതിഷേധമാണ് ഉള്ളത്.
നിയമസഭയിൽ സ്പീക്കറുടെ ഡയസിൽ കയറി പൊതുമുതൽ നശിപ്പിച്ച ” മഹാന് ” നേരെയാണ് അവർ കരിങ്കൊടി കാണിച്ചത്. പോരാടുക പ്രിയപ്പെട്ടവരെ …. നിങ്ങളെ അവർ അണിയിച്ചിരിക്കുന്ന ഇരുമ്പ് ചങ്ങലക്ക് കാലം മറുപടി പറയുമെന്ന് കെ.എം ഷാജി പറഞ്ഞു.

Also Read- കൊയിലാണ്ടിയിൽ വിദ്യാഭ്യാസ മന്ത്രിക്ക് നേരെ കരിങ്കൊടി; രണ്ട് എം.എസ്.എഫ് പ്രവർത്തകർ അറസ്റ്റിൽ

പിൻവാതിൽ വഴി ജോലിയിൽ കയറിയവരോ, വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി ജോലി നേടിയവരോ അല്ല, കുട്ടികൾക്ക് പഠിക്കാൻ സീറ്റിന് വേണ്ടി സമരം ചെയ്തവരെയാണ് കയ്യാമം വെച്ച് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പി.കെ ഫിറോസ് പറഞ്ഞു.