ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഡി.വൈ.എഫ്.ഐ; കൊയിലാണ്ടി ടൗണില്‍ പ്രതിഷേധ മാര്‍ച്ച് നടത്തുന്നു
കൊയിലാണ്ടി: സമരം ചെയ്യുന്ന ദേശീയ ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ. ഇതിന്റെ ഭാഗമായി കൊയിലാണ്ടി നഗരത്തില്‍ ഡി.വൈ.എഫ്.ഐ പ്രതിഷേധ മാര്‍ച്ച് നടത്തി.
ലൈംഗിക പീഡനാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് കൊയിലാണ്ടിയിലും പ്രകടനം നടത്തുന്നത്.
കൊയിലാണ്ടിയില്‍ നടന്ന പ്രതിഷേധ പ്രകടനം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.പി ബബീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി എൻ.ബിജീഷ് അധ്യക്ഷനായി. ജോയിന്റെ സെക്രട്ടറി ബിജോയ് സ്വാഗതം പറഞ്ഞു. റിബിന്‍, അനുഷ, ഫര്‍ഹാന്‍ എന്നിവര്‍ സംസാരിച്ചു.
രാജ്യത്തിനായി മെഡലുകള്‍ നേടിയ ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട്ട് എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് സമരം ചെയ്യുന്നത്. ബ്രിജ് ഭൂഷണെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് തങ്ങള്‍ക്ക് ലഭിച്ച മെഡലുകള്‍ ഗംഗാനദിയിലൊഴുക്കാന്‍ താരങ്ങള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കര്‍ഷക നേതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് താരങ്ങള്‍ തീരുമാനത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.
എം.പി കൂടിയായ ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഏപ്രില്‍ 21 മുതല്‍ ഗുസ്തി താരങ്ങള്‍ പ്രതിഷേധം നടത്തിവരികയാണ്. നിരവധി ദേശീയ ഗുസ്തി താരങ്ങള്‍ ബ്രിജ് ഭൂഷണെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ചിട്ടുണ്ട്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു താരവും ഉള്‍പ്പെടും. ഞായറാഴ്ച പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് പിന്നാലെ പ്രതിഷേധമാര്‍ച്ച് നടത്തിയ ഗുസ്തി താരങ്ങളില്‍ പലരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. താരങ്ങളുടെ സമരപ്പന്തലുകള്‍ പൊളിക്കുകയും പ്രതിഷേധസമരത്തിന്റെ സംഘാടകര്‍ക്കെതിരെ കലാപം, നിയമവിരുദ്ധമായ കൂടിച്ചേരലിനും കേസെടുക്കുകയും ചെയ്തു.