കുറ്റ്യാടി ഡേ മാർട്ട് സൂപ്പർമാർക്കറ്റ് ഗോഡൗണില്‍ വൻതീപിടുത്തം; ആളിപ്പടർന്ന തീയിൽ  നിലംപതിച്ച് കെട്ടിടത്തിന്റെ മേല്‍ക്കൂര, എഴുപതുലക്ഷത്തിലധികം രൂപയുടെ നഷ്ടം



കുറ്റ്യാടി: കുറ്റ്യാടിയിലെ ഗോഡൗണില്‍ വന്‍ തീപിടുത്തം. മരുതോങ്കര റോഡിലെ ഡേ മാർട്ട് സൂപ്പർ മാർക്കറ്റിലാണ് തീ പടര്‍ന്ന് പിടിച്ചത്. ഭക്ഷ്യവസ്തുക്കളുൾപ്പെടെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ഒട്ടേറെ സാധനങ്ങൾ കത്തിനശിച്ചു. എഴുപതുലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഡേ മാർട്ട് അധികൃതര്‍ അറിയിച്ചു.

വ്യാഴാഴ്ച രാത്രി പന്ത്രണ്ട് മണിക്കായിരുന്നു സംഭവം. കടയുടെ പിൻവശത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ ഉടന്‍ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസും അഗ്നിരക്ഷാസേനയും, കുറ്റ്യാടി ജനകീയ ദുരന്തനിവാരണസേന പ്രവർത്തകരും സംയുക്തമായി ചേര്‍ന്നാണ് ആളിപ്പടര്‍ന്ന തീ അണച്ചത്. പേരാമ്പ്ര, നാദാപുരം എന്നിവിടങ്ങളില്‍ നിന്നായി മൂന്ന് യൂണിറ്റ് അഗ്നിരക്ഷാസേനാ പ്രവര്‍ത്തകരാണ് എത്തിച്ചേര്‍ന്നത്. ഒടുവില്‍ തീ അണയ്ക്കാൻ സാധിച്ചത് മൂന്നുമണിക്കൂറോളം നീണ്ടുനിന്ന ശ്രമത്തിനൊടുവിലാണ്.

ഡേ മാർട്ട് കെട്ടിടത്തിന് പിൻവശത്തെ മാലിന്യകൂമ്പാരത്തിൽനിന്നാണ് തീ തൊട്ടരികിലെ ഗോഡൗണിലേക്ക് പടര്‍ന്ന് കയറിയത്. തീ വ്യാപിച്ചതോടെ കെട്ടിടത്തിന്റെ മേൽക്കൂര നിലംപതിക്കുകയും അവിടെ സൂക്ഷിച്ചുവെച്ച സാധനങ്ങള്‍ കത്തിനശിക്കുകയും ചെയ്തു. പുകപടലം കടയുടെ ഉൾവശത്തേക്ക് വ്യാപിച്ച് അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറി, പഴവർഗങ്ങൾ തുടങ്ങിയവയും ഉപയോഗശൂന്യമായി. സമീപത്തെ ഓഫീസ്‌മുറിയിലേക്കും തീ പടർന്നതിനെ തുടര്‍ന്ന് അവിടെയുണ്ടായിരുന്ന കംപ്യൂട്ടർ, എ.സി, ഇലക്‌ട്രോണിക് വസ്തുക്കളും ഫർണിച്ചറുകളും നശിച്ചു.

മരുതോങ്കര റോഡിൽ ഡേ മാർട്ടിന് സമീപത്തായി അനേകം വ്യാപാര സ്ഥാപനങ്ങളും, ബാങ്കുകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ തീപിടുത്തം വലിയ തോതിലുള്ള അപകടങ്ങളിലേക്ക് വഴിവെക്കാന്‍ ഇടയുണ്ടായിരുന്നെങ്കിലും  അഗ്നിരക്ഷാസേനയുടെയും, പോലീസിന്റെയും ജനകീയ ദുരന്തനിവാരണസേനയുടെയും നാട്ടുകാരുടെയും അവസരോചിതമായ ഇടപെടലിലൂടെ തീപ്പിടിത്തം നിയന്ത്രണവിധേയമാക്കാനായി.

വൻദുരന്തം ഒഴിവാക്കാൻ പരിശ്രമിച്ച ദുരന്തനിവാരണസേന പ്രവർത്തകരെ പഞ്ചായത്ത് പ്രസിഡൻറ് ഒ.ടി.നഫീസ, വൈസ് പ്രസിഡൻറ് ടി.കെ.മോഹൻദാസ്, വാർഡ് മെമ്പർ എ.സി.അബ്ദുൾമജീദ് തുടങ്ങിയവർ അഭിനന്ദിച്ചു.