പാര്‍ക്കുകള്‍, ബീച്ചുകള്‍, ഹോസ്റ്റലുകള്‍, കടകള്‍ ഉള്‍പ്പെടെ കോഴിക്കോട് നൂറിലേറെ ലഹരി ഹോട്‌സ്‌പോട്ടുകള്‍; തട്ടുകടകളില്‍ ലഹരിച്ചായയും സുലഭം


കോഴിക്കോട്: ജില്ലയില്‍ ലഹരിക്കടത്തും ലഹരി ഉപയോഗവും നടക്കുന്ന നൂറിലേറെ ഹോട്ട്‌സ്‌പോട്ടുകളുണ്ടെന്ന് കണ്ടെത്തല്‍. നഗര, തീരദേശ പരിധികളിലെ പാര്‍ക്കുകള്‍, ബീച്ചുകള്‍, ഹോസ്റ്റലുകള്‍, കടകള്‍ എന്നിവയുള്‍പ്പെടുന്ന ഇടങ്ങളാണ് ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

പുതുതലമുറയില്‍ മയക്കുമരുന്നിന്റെ വ്യാപനം വര്‍ധിച്ചതോടെയാണ് കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ലഹരി എത്തിച്ചുനല്‍കുന്ന സംഘം ഒത്തുകൂടുന്ന പ്രത്യേക പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തിയതോടെ ജാഗ്രത കടുപ്പിച്ചിരിക്കുകയാണ് എക്‌സൈസ് വകുപ്പ്.

കൂടുതല്‍ ഹോട്ട്‌സ്‌പോട്ടുകളുള്ളത് തീരമേഖലയിലാണെന്നാണ് കണ്ടെത്തല്‍. കഞ്ചാവ്, എം.ഡി.എം.എ, എല്‍.എസ്.ഡി., കഞ്ചാവ് എന്നിവയും വിവിധയിനം ഗുളികകളും ലഹരിക്കായി ഉപയോഗിച്ചുവരുന്നുണ്ട്.

ഇതരസംസ്ഥാത തൊഴിലാളികള്‍ കൂടുതലായെത്തുന്ന തട്ടുകടകളില്‍ ലഹരി ചായയും വില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാലിനും തേയിലയ്ക്കുമെപ്പം പാന്‍മസാലയും ചേര്‍ത്താണ് ചായയുണ്ടാക്കുന്നത്. ഏറെ നേരം ലഹരിയുണ്ടാക്കുന്ന പാന്‍മസാല ചായയ്ക്ക് 20 രൂപയാണ് വില.