പത്ത് ദിവസം കഴിഞ്ഞിട്ടും വഴിയടഞ്ഞ് മുചുകുന്നിലെ യാത്രക്കാർ; ആനക്കുളം റെയിൽവേ ഗെയിറ്റ് ഇനിയും തുറന്നില്ല, ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷം


കൊയിലാണ്ടി: അറ്റകുറ്റപ്പണികൾക്കായി അടച്ച് പത്ത് ദിവസം കഴിഞ്ഞിട്ടും ആനക്കുളം റെയിൽവേ ഗെയിറ്റ് തുറക്കാത്തത് ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്നു. മുചുകുന്നിലെ ഗവ. കോളേജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്കുള്ളവരും കൊയിലാണ്ടി, കോഴിക്കോട്, വടകര എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരും വിദ്യാർത്ഥികളുമെല്ലാം വലിയ യാത്രാ ദുരിതമാണ് കഴിഞ്ഞ പത്ത് ദിവസമായി അനുഭവിക്കുന്നത്.

ആനക്കുളം റെയിൽവേ ഗെയിറ്റ് അടച്ചതിനാൽ കൊല്ലം നെല്ല്യാടി റോഡ് വഴിയാണ് ദേശീയപാതയിൽ നിന്ന് മുചുകുന്നിലേക്കും തിരിച്ചുമുള്ള വാഹനങ്ങൾ ഇപ്പോൾ പോകുന്നത്. മേപ്പയ്യൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾക്കൊപ്പം മുചുകുന്നിലേക്കും തിരിച്ചുമുള്ള വാഹനങ്ങൾ കൂടി എത്തുന്നതോടെ കൊല്ലത്ത് വലിയ ഗതാഗതക്കുരുക്കാണ് രൂപപ്പെടുന്നത്. ദേശീയപാതയിൽ പാലക്കുളം മുതൽ കൊയിലാണ്ടി വരെ നീണ്ടു നിൽക്കുന്ന വാഹനങ്ങളുടെ നീണ്ടനിര ഇപ്പോൾ പതിവ് കാഴ്ചയാണ്.

അതിവേഗം തീർക്കേണ്ട ജോലിയാണ് ആനക്കുളം റെയിൽവേ ഗേറ്റിലേത്. എന്നാൽ വേണ്ടത്ര തൊഴിലാളികളില്ലാത്തതിനാൽ കരാറുകാരൻ പണി നീട്ടികൊണ്ട് പോകുകയാണ് എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇതിനെതിരെ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ജില്ലയിലെ തന്നെ ഗതാഗത പ്രാധാന്യമുള്ള പ്രധാന റെയിൽവേ ഗെയിറ്റാണ് ഇത്. പത്ത് ദിവസത്തോളം ഒരു റെയിൽവേ ഗെയിറ്റ് അറ്റകുറ്റപ്പണികൾക്കായി അടച്ചിടുന്നത് മറ്റൊരിടത്തും ഇതേ വരെ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

മുചുകുന്ന് റോഡിൽ നിന്ന് നെല്ല്യാടി റോഡിലേക്കും തിരിച്ചും വാഹനങ്ങൾ പോകുന്നത് പുളിയഞ്ചേരി വഴിയാണ്. വളരെ ചെറിയ റോഡുകളാണ് ഇവിടെയുള്ളത്. ഈ റോഡുകൾ പാടെ തകർന്ന നിലയിലാണ്. കുണ്ടും കുഴിയുമായി മാറിയ തെങ്ങിൽ താഴ കോവിലേരി റോഡ് ഒന്നര വർഷം കഴിഞ്ഞിട്ടും കൊയിലാണ്ടി നഗരസഭ അറ്റകുറ്റപണി പോലും നടത്താതിരിക്കുന്നതിൽ പ്രദേശവാസികൾക്ക് പ്രതിഷേധമുണ്ട്.

ആനക്കുളം ഗെയിറ്റിലെ അറ്റകുറ്റപ്പണി കാരണമുള്ള യാത്രാദുരിതം ഇനിയും സഹിക്കാൻ കഴിയില്ല എന്നാണ് നാട്ടുകാരുടെ നിലപാട്. റെയിൽവേ അധികൃതർ ഇടപെട്ട് ആനക്കുളങ്ങര റെയിൽവേ ഗേറ്റ് എത്രയും വേഗം തുറന്നു കൊടുക്കണമെന്നതാണ് ജനങ്ങളുടെ ആവശ്യം.