ലോകകപ്പ് കഴിഞ്ഞിട്ടും തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല; പെരിങ്ങത്തൂരില്‍ ടീമുകളുടെ പേരില്‍ നടന്ന തര്‍ക്കം കൈയ്യാങ്കളിയിലെത്തി, 25 ഓളം ബൈക്കുകളും 15 ഓളം വിദ്യാര്‍ഥികളും കസ്റ്റഡിയില്‍


നാദാപുരം: ലോകകപ്പ് ഫുട്ബോള്‍ കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേരളത്തില്‍ തര്‍ക്കങ്ങളും പോര്‍വിളികളും തുടരുകയാണ്. അര്‍ജന്റീന-ഫ്രാന്‍സ് ടീമുകളുടെ പേരില്‍ ഏറ്റുമുട്ടിയ വിദ്യാര്‍ഥികളാണ് ഏറ്റവും ഒടുവില്‍ വാര്‍ത്തകളില്‍ നിറയുന്നത്. സംഭവത്തില്‍ 25 ഓളം ബൈക്കുകളും 15 ഓളം വിദ്യാര്‍ഥികളെയും പോലീസ് കസ്റ്റഡിയിലെടുത്തു.

രണ്ട് ദിവസം മുമ്പ് പെരിങ്ങത്തൂര്‍ പാലത്തിന് സമീപമുള്ള ടര്‍ഫിന്‍ അര്‍ജന്റീന-ഫ്രാന്‍സ് ടീമുകളുടെ പേരില്‍ നാദാപുരം പോരാട് എംഐഎം സ്‌കൂളിലെയും പെരിങ്ങത്തൂര്‍ എന്‍എഎം സ്‌കൂളിലെയും വിദ്യാര്‍ഥികള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ഇത് കയ്യാങ്കളിയിലെത്തുകയും ചെയ്തിരുന്നു.

ഇതിന് പ്രതികാരം ചോദിക്കാനായി പോരാട് എംഐഎമ്മിലെ കുട്ടികള്‍ സംഘടിതമായി ബൈക്കുകളില്‍ പെരിങ്ങത്തൂരിലെത്തുകയും പരീക്ഷ കഴിഞ്ഞ് പോവുകയായിരുന്ന എന്‍എഎമ്മിലെ കുട്ടികളെ ആക്രമിക്കുകയുമായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

അര്‍ജന്റീനയുടെ പതാകയുമായി 25 ഓളം ബൈക്കുകൡാണ് പോരാട് സ്‌കൂളിലെ വിദ്യാര്‍ഥികളെത്തിയിരുന്നത്. പ്രദേശ വാസികളാണ് വിദ്യാര്‍ഥികളെ വിരട്ടിയോടിച്ചത്. വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബൈക്കുകള്‍ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ബൈക്കുകളില്‍ കടന്നുകളയാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെയും ബൈക്കും കൊളവല്ലൂര്‍ പോലീസും കസ്റ്റഡിയിലെടുത്തു.

ബൈക്കുകള്‍ പിഴയീടാക്കി ഉടമകള്‍ക്ക് വിട്ടു നല്‍കാനും ലൈസന്‍സില്ലാത്തവര്‍ക്ക് വാഹനം ഓടിക്കാന്‍ വിട്ടുനല്‍കിയ ഉടമകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനുമാണ് ചെക്ലി പോലീസിന്റെ തീരുമാനം.