ദുരിതത്തിലായി മത്സ്യത്തൊഴിലാളികള്‍; സബ്‌സിഡി മണ്ണെണ്ണ മുടങ്ങിയിട്ട് ആറ് മാസം, വിതരണം പുനഃസ്ഥാപിക്കണമെന്ന് ആവശ്യം
കൊയിലാണ്ടി: മത്സ്യത്തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലായിട്ടും സബ്‌സിഡി മണ്ണെണ്ണ വിതരണം പുനഃസ്ഥാപിക്കാതെ സര്‍ക്കാര്‍. മത്സ്യബന്ധന തോണികള്‍ക്കുള്ള സബ്‌സിഡി മണ്ണെണ്ണ വിതരണം ആറ് മാസം മുമ്പാണ് മുടങ്ങിയത്. ഇത് ഉടന്‍ പുനഃസ്ഥാപിക്കണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.
ലിറ്ററിന് 140 രൂപയാണ് മണ്ണെണ്ണയുടെ വില. 25 രൂപയാണ് ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് ലഭിക്കുന്ന സബ്‌സിഡി. എന്നാല്‍ ഇത് പോലും കിട്ടാത്തതാണ് മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയിലാവാന്‍ കാരണം. കരിഞ്ചന്തയില്‍ നിന്ന് മണ്ണെണ്ണ വാങ്ങിയാണ് ഇപ്പോള്‍ പല മത്സ്യത്തൊഴിലാളികളും ഉപജീവനം നടത്തുന്നത്.
ഉയര്‍ന്ന വിലയാണ് മണ്ണെണ്ണയ്ക്ക് കരിഞ്ചന്തയില്‍ ഈടാക്കുന്നത്. കൂടാതെ മായം ചേര്‍ത്ത മണ്ണെണ്ണയാണ് കരിഞ്ചന്തയില്‍ വരുന്നതെന്ന പ്രശ്‌നവുമുണ്ട്. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ കുറഞ്ഞ നിരക്കില്‍ മണ്ണെണ്ണ ലഭിക്കുമ്പോഴാണ് കേരളത്തില്‍ ഈ അവസ്ഥ.
കേരള തീരത്തെ മത്സ്യത്തൊഴിലാളികള്‍ ഭൂരിഭാഗവും ഉപയോഗിക്കുന്നത് മണ്ണെണ്ണയില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്‌ബോര്‍ഡ് എഞ്ചിനാണ് ഉപയോഗിക്കുന്നത്. അതിനാല്‍ മണ്ണെണ്ണ കിട്ടിയില്ലെങ്കില്‍ മീന്‍പിടിത്തവും മത്സ്യത്തൊഴിലാളികളുടെ ഉപജീവനവും മുടങ്ങും.
പെര്‍മിറ്റ് പ്രകാരമുള്ള മണ്ണെണ്ണ വിതരണം പുനഃസ്ഥാപിച്ച് സബ്‌സിഡിയും മണ്ണെണ്ണ ക്വോട്ടയും വര്‍ധിപ്പിക്കണമെന്നും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.അശോകന്‍ ആവശ്യപ്പെട്ടു.