ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നല്ലളം സ്വദേശിയായ പ്രവാസിയില്‍ നിന്ന് ഇരുപത് ലക്ഷം തട്ടിയ കേസ്; നൈജീരിയന്‍ സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന് അന്വേഷണസംഘം


കോഴിക്കോട്: നല്ലളം സ്വദേശിയായ പ്രവാസിയില്‍ നിന്ന് ഓണ്‍ലൈനായി 20 ലക്ഷം തട്ടിയ നൈജീരിയന്‍ സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന് അന്വേഷണസംഘം.അറസ്റ്റിലായവരില്‍ നിന്ന് മറ്റു രണ്ടുപേരുടെ വിവരങ്ങള്‍ ലഭ്യമായെങ്കിലും അവര്‍ ബംഗളൂരുവിലെ താമസസ്ഥലത്തുനിന്ന് മുങ്ങി. ഇവര്‍ക്കായി വിവിധയിടങ്ങളില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.


Breaking News: ഓണ്‍ലൈന്‍ ലോകം സ്തംഭിച്ചു; ലോകമാകെ വാട്ട്‌സ്ആപ്പ് നിശ്ചലമായി –  വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


കോഴിക്കോട് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നൈജീരിയക്കാരന്‍ ഡാനിയല്‍ ഒയ്‌വാലേ ഒലയിങ്കയാണ് ആദ്യം അറസ്റ്റിലായത്. പിന്നീട് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോള്‍ മൂന്നുപേര്‍ക്കുകൂടി പങ്കാളിത്തമുണ്ടെന്ന് വ്യക്തമായി. ഇതിലൊരാളായ ഇമ്മാനുവല്‍ ജയിംസ് ലെഗ്ബതിയെ അടുത്തദിവസം ബംഗളൂരുവില്‍ നിന്ന് പിടികൂടി.

എന്നാല്‍ മറ്റുരണ്ടുപേരെ കണ്ടെത്താനായില്ല. രണ്ടുപേരുടെയും വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്നും ഇരുവര്‍ക്കുമായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും സൈബര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ദിനേശ് കോറോത്ത് പറഞ്ഞു.

പ്രതികള്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയതായും സൂചനയുണ്ട്. ഇവരില്‍ നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങളുടെ വിദഗ്ധ പരിശോധക്കുശേഷമെ ഇക്കാര്യത്തില്‍ വ്യക്തത വരൂ. അതിന് കൂടുതല്‍ സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തട്ടിപ്പിനുപയോഗിച്ച സിംകാര്‍ഡ്, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് തുടങ്ങിയവയാണ് അറസ്റ്റിലായവരില്‍ നിന്ന് പൊലീസ് കണ്ടെടുത്തത്. ബംഗളൂരു വിദ്യാരണ്യപുര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാജ വിലാസത്തില്‍ അനധികൃതമായി താമസിച്ചാണ് സംഘം തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്.

ഒ.എല്‍.എക്‌സ് സൈറ്റില്‍ വില്‍പനക്കുവെച്ച ആപ്പിള്‍ ഐപാഡ് 65,000 രൂപക്ക് വാങ്ങാനെന്ന വ്യാജേനയാണ് പ്രതി നല്ലളം സ്വദേശിയുമായി സൗഹൃദം സ്ഥാപിച്ചത്. അമേരിക്കയിലെ വെല്‍ ഫാര്‍ഗോ ബാങ്കിന്റെതെന്നു തെറ്റിദ്ധരിപ്പിക്കുന്ന ഡൊമെയ്ന്‍ നിര്‍മിച്ച് പണം അയച്ചതിന്റെ വ്യാജ രസീത് ഇ-മെയില്‍ വഴി അയക്കുകയും വ്യാജ നമ്ബറുകളിലുള്ള വാട്‌സ്ആപ് അക്കൗണ്ടുവഴിയും ആര്‍.ബി.ഐ ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ ഇ-മെയിലുകള്‍ അയച്ചുമായിരുന്നു തട്ടിപ്പ്.

വന്‍തുക ലഭിക്കാനുള്ള അക്കൗണ്ടിന്റെ പ്രൊസസിങ് ഫീസ്, അക്കൗണ്ട് ആക്ടിവേഷന്‍ പ്രൊസസിങ് ചാര്‍ജ് എന്നിങ്ങനെ പറഞ്ഞ് 20 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു. ഫെബ്രുവരിയിലും മാര്‍ച്ചിലുമായാണ് പലതവണകളായി പണം തട്ടിയത്.

നിരവധി ഫോണ്‍ കാള്‍ രേഖകള്‍ പരിശോധിച്ചും ഒട്ടേറെ മൊബൈല്‍ ഫോണുകളും മറ്റ് ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകളും സാമൂഹിക മാധ്യമ അക്കൗണ്ടുകളും നിരീക്ഷിച്ചുമാണ് സൈബര്‍ പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.

summary: the police said that there are more people in the nigerian gang that extorted 20 lakhs of a nallalam native and the investigation is continuing