റോഡരികില്‍ ലോറി നിര്‍ത്തി പാലേരിയിലെ ഫര്‍ണിച്ചര്‍ കടയില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിച്ചു; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ കര്‍ണാടകയില്‍ നിന്നും പിടികൂടി പേരാമ്പ്ര പൊലീസ്


പേരാമ്പ്ര: പാലേരി വടക്കുമ്പാട് പ്രദേശത്തെ കടകളില്‍ മോഷണം നടത്തിയ പ്രതികളെ 18 മണിക്കൂറിനുള്ളില്‍ പിടികൂടി പേരാമ്പ്ര പൊലീസ്. പശ്ചിമബംഗാള്‍ സ്വദേശികളായ സോമനാഥ് മണ്ടി, റിന്റോ ബസക് എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 25ന് പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു വടക്കുമ്പാട് സ്‌കൂളിനടുത്തെ അമ്മ ഹോട്ടലിലും തൊട്ടടുത്ത ഫര്‍ണിചര്‍ കടയിലും മോഷണം നടന്നത്. സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് കര്‍ണാടകയില്‍ നിന്നും പ്രതികള്‍ പിടിയിലായത്.

റോഡില്‍ ലോറി നിര്‍ത്തിയിട്ടശേഷം ഹോട്ടലിലെ കസേരകളും ഫര്‍ണിചര്‍ കടയിലെ മേശയുമെല്ലാം എടുത്ത് ലോറിയിലേക്ക് കയറ്റുകയായിരുന്നു. മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.

പശ്ചിമബംഗാള്‍ രജിസ്‌ട്രേഷനിലുള്ള ലോറിയിലാണ് മോഷണ മുതലുകള്‍ കയറ്റിയത്. കര്‍ണാടകയിലെ ചാമരാജ് നഗറിലെ ഹൂട്ട് ഗള്ളിയില്‍ എത്തിച്ചു ഇവ വില്‍ക്കാനായിരുന്നു ലക്ഷ്യം. ഇവിടെ വെച്ചാണ് പ്രതികള്‍ പിടിയിലായത്.

രാത്രികാലങ്ങളില്‍ റോഡരികില്‍ ലോറി നിര്‍ത്തി കടകള്‍ കുത്തിത്തുറന്ന് ഫര്‍ണിച്ചറുകളും മറ്റും മോഷ്ടിച്ച് ആക്രി ചന്തയില്‍ വില്‍ക്കുന്നതായിരുന്നു ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പേരാമ്പ്ര ഡി.വൈ.എസ്.പി വി.ലതീഷിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടന്നത്. പേരാമ്പ്ര പോലീസ് ഇന്‍സ്‌പെക്ടര്‍ പി.ജംഷീദിന്റെ നിര്‍ദ്ദേശപ്രകാരം എസ്.സി.പി.ഒ സി.എം.സുനില്‍കുമാര്‍, റിയാസ്, ബൈജു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Summary: police arrests furniture theft case covicts