മുക്കത്ത് വീട്ടില്‍ നിന്നും 25 പവന് സ്വര്‍ണ്ണം മോഷ്ടിച്ചു; മൂന്നുദിവസത്തിനുള്ളില്‍ സ്വര്‍ണ്ണം തിരികെ കൊണ്ടിട്ട് മോഷ്ടാവ്
മുക്കം: മുക്കത്ത് വീട്ടില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണ്ണം തിരികെ വീട്ടില്‍ ഉപേക്ഷിച്ച് മോഷ്ടാവ്. മുക്കം കുമാരനല്ലൂരില്‍ ചക്കിങ്ങള്‍ വീട്ടില്‍ സെറീനയുടെ വീട്ടിലാണ് സംഭവം. കഴിഞ്ഞ ശനിയാഴ്ച മോഷണം പോയ 25 പവന് സ്വര്‍ണ്ണമാണ് വീടിന് പുറത്ത് മുഷിഞ്ഞ തുണി സൂക്ഷിച്ച ബക്കറ്റില്‍ ഇന്ന് രാവിലെ കണ്ടെത്തിയത്.
ശനിയാഴ്ച രാത്രിയാണ് വീട്ടില്‍ മോഷണം നടന്നത്. ഒരു സല്‍ക്കാരത്തിനായി രാത്രി 8 മണിയോടെ വീട്ടുകാര്‍ പോയിരുന്നു. ഈ തക്കം നോക്കി ഓട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. തിരിച്ച് 10 മണിയോടെ തിരിച്ചെത്തിയപ്പോളാണ് മുറിയിലെ അലമാരയുടെ ചുവട്ടില്‍ പെട്ടികളിലായി സൂക്ഷിച്ചിരുന്ന 25 പവന് മോഷണം പോയതായി കണ്ടെത്തിയത്.
ഇതോടെ സെറീന മുക്കം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ബന്ധുക്കളെ ഉള്‍പ്പടെ സംശയിക്കുന്നുണ്ടെന്നായിരുന്നു സറീനയുടെ പരാതി. പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്ന് രാവിലെ വീടിന് പുറകില്‍ അലക്കാനുള്ള വസ്ത്രങ്ങള്‍ സൂക്ഷിച്ച ബക്കറ്റില്‍ സ്വര്‍ണാഭരണം കൊണ്ടിട്ട നിലയില്‍ കണ്ടെത്തിയത്.
അലക്കാനായി തുണി ബക്കറ്റില്‍ നിന്നും പുറത്തെടുത്തപ്പോളാണ് വീട്ടുകാര്‍ സ്വര്‍ണം കണ്ടത്. മുക്കം പോലീസ് സ്ഥലത്തെത്തി തിരിച്ചുകിട്ടിയ സ്വര്‍ണാഭരണം പരിശോധിച്ചു. ഒരു മാലയൊഴികെ ബാക്കി സ്വര്‍ണം തിരിച്ചുകിട്ടിയതായി സെറീന പോലീസിനെ അറിയിച്ചു.