എസ്ഐ കൈകാണിച്ചിട്ടും വാഹനം നിർത്തിയില്ല; ലഹരിവില്പന സംഘത്തിലെ പ്രധാനിയെയും സഹോദരനെയും സാഹസികമായി പിടികൂടി പേരാമ്പ്ര പോലീസും നർക്കോട്ടിക് സ്ക്വാഡും
പേരാമ്പ്ര: പേരാമ്പ്രയിലെ ലഹരി വിൽപന സംഘത്തിലെ പ്രധാനിയേയും സഹോദരനേയും സാഹസികമായി പിടികൂടി പോലീസ്. പേരാമ്പ്ര പുറ്റം പൊയിൽ താമസിക്കുന്ന ചേനോളി സ്വദേശി കണിക്കുളങ്ങര അഫ്നാജ് എന്ന ചിമ്പി, മുഹസിൻ യു.എം എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകീട്ടോടെ ലാസ്റ്റ് കല്ലോട് ഭാഗത്ത് വാഹന പരിശോധനയ്ക്കിടെ എസ്ഐ ഷമീറും സംഘവും കൈ കാണിച്ചപ്പോൾ പ്രതികൾ കാർ നിർത്താതെ കടന്നുകളയുകയായിരുന്നു.
നിർത്താതെ പോയ കാർ പോലിസ് പിൻതുടരുകയും പ്രതികളുടെ സ്ഥിരം താവളമായ ലാസ്റ്റ് കല്ലോടുള്ള കേദാരം കാർ വർക് ഷോപ്പിലേക്ക് ഓടിച്ചു കയറ്റുകയുമായിരുന്നു. പിന്നാലെയെത്തിയ പോലീസുമായി ബലപ്രയോഗം നടത്തിയ സഹോദരൻമാരെ എസ്ഐ ഷമീറും പേരാമ്പ്ര ഡിവൈഎസ്പി വി.വി ലതീഷിൻ്റെ കീഴിലെ ലഹരി വിരുദ്ധ സ്ക്വാഡും ജില്ലാ നാർക്കോട്ടിക് സ്ക്വാഡും ചേർന്ന് സാഹസികമായി കീഴടക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരിൽ നിന്നും 6 ഗ്രാമോളം എംഡിഎംഎ കണ്ടെത്തി.
പ്രതി സ്ഥിരമായി വൻതോതിൽ എംഡിഎംഎ വിൽപന നടത്തുന്നയാളാണെന്നും നിരവധി സ്കൂൾ കുട്ടികൾക്കും യുവാക്കൾക്കും പെൺകുട്ടികൾക്കും ഇയാൾ ലഹരി മരുന്ന് വിതരണം ചെയ്യാറുണ്ടെന്നും പോലിസ് പറഞ്ഞു. ലഹരി വിറ്റ് ഇവർ ആർഭാട ജീവിതം നയിക്കുകയായിരുന്ന പ്രതികൾക്കെതിരെ നേരത്തെ നാട്ടുകാർപരാതി ഉന്നയിച്ചിരുന്നു. വാടക വീടുകളിൽ മാറി മാറി താമസിച്ചും മൊബൈൽ നമ്പർ മാറ്റിയും ദിവസവും കാറുകൾ മാറ്റി ഉപയോഗിച്ചും പോലീസിനെ കബളിപ്പിക്കുകയായിരുന്നു സംഘം.
ചെറിയ ഇരുമ്പു ബോക്സിലാണ് ഇയാൾ സ്ഥിരമായി എംഡിഎംഎ സൂക്ഷിക്കുന്നതെന്നും പോലീസും എക്സൈസും പിടിക്കുന്ന സമയത്ത് ഇയാൾ ഇത് ദൂരേയ്ക്ക് വലിച്ചെറിയുകയാണ് പതിവെന്നും പോലീസ് പറഞ്ഞു. മേഖലയിലെ ലഹരിവില്പന സംഘത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഡിവൈഎസ്പി അറിയിച്ചു.