”സര്‍ക്കാര്‍ ഫാം തൊഴിലാളികളുടെ നിലവിലുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുന്ന കൃഷി വകുപ്പിന്റെ നടപടികള്‍ പിന്‍വലിക്കണം”; കൂത്താളി, പേരാമ്പ്ര, തിക്കോടി ഫാമുകളില്‍ തൊഴിലാളികളുടെ പ്രതിഷേധം
പേരാമ്പ്ര: ഗവണ്‍മെന്റ് ഫാം തൊഴിലാളികളുടെ നിലവിലുള്ള ആനുകൂല്യങ്ങള്‍ വെട്ടി കുറക്കുന്ന കൃഷി വകുപ്പിന്റെ നടപടികള്‍ പിന്‍വലിക്കണമെന്ന് ഫാംവര്‍ക്കേഴ്‌സ് യൂനിയന്‍ ജില്ലാകമ്മിറ്റി ആവശ്യപ്പെടുന്നു. കേരളത്തിലെ കൃഷിഫാം തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷക്കരിക്കുന്നതിനു വേണ്ടി നിശ്ചയിച്ച സമിതികളുടെ ശുപാര്‍ശ പ്രകാരം അംഗീകരിച്ച് നടപ്പിലാക്കിയ അവകാശങ്ങളാണ് വെട്ടികുറക്കുകയും പരിമിതപ്പെടുത്തുകയും ചെയ്തിരിക്കുന്നത്. സ്ഥിരം തൊഴിലാളികള്‍ക്ക് വര്‍ഷത്തില്‍20 കാഷ്വല്‍ ലീവ് എന്നത് 15 ആയി കുറച്ചും, ഞായറാഴ്ച ഒഴികെ പൊതു ഒഴിവുകള്‍ 13 ആയി നിജപ്പെടുത്തിയും, സ്‌പെഷ്യല്‍കാഷ്വല്‍ ലീവ് എന്നത് പ്രത്യേക അവശതാ അവധിയെന്നും തിരുത്തല്‍ വരുത്തിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോഴിക്കോട് ജില്ലയിലെ കൂത്താളി, പേരാമ്പ്ര, പുതുപ്പാടി തിക്കോടി ഫാമുകളില്‍ സി.ഐ.ടി.യു നേതൃത്വത്തില്‍ തൊഴിലാളികള്‍ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. ജില്ലാ കൃഷി ഫാം കൂത്താളിയില്‍ യൂനിയന്‍ ജില്ലാസെക്രട്ടറി എന്‍.പി.ബാബു ഉദ്ഘാടനം ചെയ്തു. യൂനിയന്‍ പ്രസിഡന്റ് ടി.കെ.ജ്യോഷിബ സ്വാഗതം പറഞ്ഞു റീന.കെ.കെ.അധ്യക്ഷത വഹിച്ചു. വി.കെ.രേഷ്മ, ഷൈജ പ്രകാശ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സീഡ് ഫാം പേരാമ്പ്രയില്‍ ഇ.എം.ഉഷ, കെ.പി.ബൈജു, കെ.രസി എന്നിവരും നേതൃത്വം നല്‍കി. പുതുപ്പാടി ഫാമില്‍ പ്രദീഷ് പുതുപ്പാടി, നസീറ വിവി, മനോജ് ഏ.പി എന്നിവര്‍ നേതൃത്വം നല്‍കി.