” വലിയ പന്നിയാ, ഒരു പശുവിന്റെത്രയുണ്ട്, ഓടിവരുന്നത് കണ്ട് ഞാന്‍ വണ്ടിനിര്ത്തിയതുകൊണ്ടാ, അല്ലെങ്കില്‍ വീണ് പരിക്കുപറ്റിയേനെ” വെറ്റിലപ്പാറയില്‍ കാട്ടുപന്നി ഇടിച്ചിട്ട സ്കൂട്ടര്‍ യാത്രികന് പറയുന്നു
കൊയിലാണ്ടി: ചേമഞ്ചേരി പഞ്ചായത്തിലെ വെറ്റിലപ്പാറ, കൊളക്കാട് മേഖലയില്‍ കാട്ടുപന്നി ആക്രമണം. ഇന്ന് രാവിലെ കാട്ടുപന്നി കൊളക്കാട് സ്വദേശിയായ വയോധികനെ ആക്രമിക്കുകയും പ്രദേശത്തുള്ള യുവാവിന്റെ വാഹനം തള്ളിയിട്ട് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. രാവിലെ പത്തുമണിയോടെയാണ് സംഭവം.
പെരുവയല്‍ കുനി ആദര്‍ശിന്റെ സ്കൂട്ടറിനാണ് കേടുപാട് സംഭവിച്ചത്. വെറ്റിലപ്പാറ തേനോളം വളവില്‍വെച്ചായിരുന്നു സംഭവമെന്ന് ആദര്‍ശ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ”തേനോളം വളവിലൂടെ കൊളക്കാട് ഭാഗത്തേക്ക് പോകുമ്പോഴാണ് സമീപത്തെ കുളത്തിന് അടുത്തുനിന്നായി പന്നി ഓടി വരുന്നത് കണ്ടത്. വലിയ പന്നിയാ, ഒരു പശുവിന്റത്രയുമുണ്ട്. ഞാന്‍ പേടിച്ച് പെട്ടെന്ന് വണ്ടി നിര്‍ത്തി. അത് നിയന്ത്രണം വിട്ടതുപോലെ വന്ന് വണ്ടിയിലിടിച്ചു. വണ്ടിക്ക് കേടുപാട് പറ്റിയിട്ടുണ്ട്. നിര്‍ത്തിയതുകൊണ്ട് ഞാന്‍ വീണില്ല. അത് പിന്നെ പൊന്മന അമ്പലത്തിന്റെ ഭാഗത്തേക്കാണ് പോയത്.” ആദര്‍ശ് പറഞ്ഞു.
കൊളക്കാട് അയ്യപ്പന്‍കാവ് അമ്പലത്തിനടുത്ത് റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വയോധികനെയാണ് രാവിലെ 9.30ഓടെ കാട്ടുപന്നി ആക്രമിച്ചത്. കൊളക്കാട് സ്വദേശി വിളയോട്ടില്‍ ബാലകൃഷ്ണനാണ് പരിക്കേറ്റത്. ഇയാള്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
Summary: a scooter rider who was hit by a wild boar in Vettilappara.