മൂടാടിയുടെ കേരസൗഭാഗ്യ പദ്ധതി കര്‍ണാടകയിലും ചര്‍ച്ചയാവുന്നു; നാളികേര കൃഷിയേയും കര്‍ഷകനെയും തെങ്ങുകയറ്റ തൊഴിലാളികളെയും ചേര്‍ത്ത് നിര്‍ത്തുന്ന പ്രവര്‍ത്തനത്തെക്കുറിച്ച് കന്നട മാസികയില്‍ ലേഖനം


മൂടാടി: ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ കേരസൗഭാഗ്യ പദ്ധതിക് കര്‍ണാടകയില്‍ പ്രചാരം. കന്നട ഭാഷയില്‍ പ്രസിദ്ധീകരിക്കുന്ന കാര്‍ഷിക മാസികയിലാണ് മൂടാടി പഞ്ചായത്ത് കേര കര്‍ഷകരെ സഹായിക്കാന്‍ തേങ്ങ പറിക്കാന്‍ പകുതി വേതനവും തൊഴിലാളികളെയും നല്‍കുന്ന പദ്ധതിയെപ്പറ്റിയുള്ള ലേഖനം പ്രസിദ്ധീകരിച്ചത്.

കേരകര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമായ പദ്ധതിയാണ് കേരസൗഭാഗ്യ. ഒരേ സമയം നാളികേര കൃഷിയെയും കര്‍ഷകനെയും തെങ്ങുകയറ്റ തൊഴിലാളിയെയും ചേര്‍ത്ത് നിര്‍ത്തുന്ന പ്രവര്‍ത്തനമാണിത്. ഒരു തെങ്ങിന് അന്‍പത് രൂപ വേതനം കണക്കാക്കി 25 രൂപയാണ് സബ്‌സിഡിയായി നല്‍കുന്നത്. കയറേണ്ട തെങ്ങുകളുടെ എണ്ണത്തിനനുസരിച്ച് പകുതി പൈസ അടച്ച് കര്‍ഷകര്‍ ബുക്കിംഗ് നടത്തും.

തൊഴിലാളികളെ കാര്‍ഷിക കര്‍മസേനയാണ് എത്തിച്ച് കൊടുക്കുന്നത്. വേതനം തൊഴിലാളിയുടെ അക്കൗണ്ടിലേക്ക് അതത് ദിവസം തന്നെ കൈമാറും. സ്ഥിരമായി പറിക്കുന്നയാളും അല്ലാത്തവരും രജിസ്ടര്‍ ചെയ്യുന്നുണ്ട്. മറ്റ് സ്ഥലങ്ങളിലെ തൊഴിലാളികളും പദ്ധതിയില്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷയും ഉറപ്പുവരുത്തുന്നു. കവുങ്ങും – നാളികേരവും വിളയുന്ന കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ മൂടാടി യുടെ കേരസൗഭാഗ്യ ലേഖനം വന്നതോടെ ചര്‍ച്ചയാവുകയാണ്.

കാര്‍ഷിക മേഖലയിലെ വിവിധ പദ്ധതികള്‍ വിളകളെ സംബന്ധിച്ച വിശദാംശങ്ങള്‍ മാര്‍ക്കറ്റിംഗ് എന്നീ കാര്യങ്ങള്‍ വിശദീകരിക്കുന്നതാണ് മാഗസിന്‍. തെങ്ങ് കയറ്റ തൊഴിലാളികളുടെ കേരളത്തിലെ വിവിധ കൂട്ടായ്മകളെ പറ്റിയും ലേഖനത്തില്‍ വിശദികരിക്കുന്നു. അദി കെ പത്രികെ എന്നാണ് മാഗസിന്റ പേര്.