സ്കൂള്‍ വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി വിദേശത്തേക്ക് കടന്നു; പോക്സോ കേസിലെ പ്രതി കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ പിടിയില്‍
കോഴിക്കോട്: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം വിദേശത്തേക്ക് കടന്ന പ്രതി പിടിയില്‍. കാഞ്ഞങ്ങാട് പുല്ലൂര്‍ വീട്ടില്‍ മുഹമ്മദ് ആസിഫ് (26 വയസ്സ്) നെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍വെച്ചാണ് പ്രതി കസബ പൊലീസിന്റെ പിടിയിലായത്.
2022 മുതല്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കോഴിക്കോടുള്ള പ്രമുഖ ഹോട്ടലില്‍ വെച്ചും വയനാട്ടിലെ വിവിധ റിസോട്ടുകളില്‍ വെച്ചും പലതവണ പീഡിപ്പിക്കുകയും ചെയ്തെന്നാണ് കേസ്. വിദ്യാര്‍ത്ഥിനിയുടെ അഞ്ച് പവന് സ്വര്‍ണ്ണം കൈക്കലാക്കുകയും ചെയ്തിരുന്നു.
പെണ്‍കുട്ടി ഗര്‍ഭിണിയാണന്ന് അറിഞ്ഞപ്പോള്‍ പ്രതി വിദേശത്തേക്ക് കടന്നുകളയുകയുമായിരുന്നു. പ്രതി വിദേശത്താണന്ന് മനസ്സിലാക്കിയ കസബ പോലീസ് പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു.
ഇന്നലെ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ പ്രതിയെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെയ്ക്കുകയും കസബ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഗോപകുമാറിന്റെ നിര്‍ദേശപ്രകാരം എ.എസ്.ഐ സജേഷ്, എസ്.സി.പി.ഒമാരായ സുമിത് ചാള്‍സ്, മുഹമ്മദ് സക്കറിയ എന്നിവര്‍ ചേര്‍ന്ന് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റെ് ചെയ്തു.