താമരശ്ശേരി ചുരത്തിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ചു; യാത്രക്കാരുടെ പരാതിയില്‍ കോഴിക്കോട് സ്വദേശിയായ ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി
താമരശ്ശേരി: താമരശ്ശേരി ചുരത്തിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് ബസ് ഓടിച്ച കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്കെതിരെ നടപടി. ഡ്രൈവറുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവറും കോഴിക്കോട് സ്വദേശിയുമായ മുഹമ്മദ് റാഫിഖിന്റെ ലൈസന്‍സാണ് റദ്ദാക്കിയത്. കൊടുവള്ളി ആര്‍.ടി.ഒ ആണ് നടപടിയെടുത്തത്.
ശനിയാഴ്ചയാണ് നടപടിക്കാധാരമായ സംഭവം നടന്നത്. വൈകുന്നേരം 4.50-ന് കല്പറ്റയില്‍നിന്ന് കോഴിക്കോട്ടേക്ക് പോകവെ റാഫിഖ് ഫോണില്‍ സംസാരിച്ച് ബസ് ഓടിക്കുകയായിരുന്നു. അപകടകരമായ ഡ്രൈവിങ് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ വീഡിയോ എടുത്ത് താമരശ്ശേരി പോലീസില്‍ അറിയിക്കുകയും പരാതി മോട്ടോര്‍വാഹന വകുപ്പിന് കൈമാറുകയുമായിരുന്നു.
പരാതി വന്നതിന് പിന്നാലെ റാഫിഖിനെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലൈസന്‍സ് റദ്ദാക്കിയത്.