പൊതുസമൂഹം സ്ത്രീകളോടുള്ള ബാധ്യതകള്‍ വിസ്മരിക്കുന്നു: കൊയിലാണ്ടിയില്‍ നടന്ന വിസ്ഡം വനിതാ സമ്മേളനം


കൊയിലാണ്ടി: സ്ത്രീകളോട് വ്യക്തിപരമായും, സാമൂഹ്യമായും നിര്‍വ്വഹിക്കേണ്ട ബാധ്യതകള്‍ പൊതുസമൂഹം വിസ്മരിക്കുകയാണെന്ന് വിസ്ഡം വിമന്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ മണ്ഡലം വനിതാ സമ്മേളനം അഭിപ്രായപ്പെട്ടു. 2025 നവംബര്‍ 19ന് പൂനത്ത് നടക്കുന്ന ജില്ലാ മുജാഹിദ് വനിതാ സമ്മേളനത്തിന്റെ ഭാഗമായാണ് വനിതാ സമ്മേളനം സംഘടിപ്പിച്ചത്.

സ്ത്രീകളെ കേവലം സൗന്ദര്യ ആസ്വാദനത്തിനും, മാര്‍ക്കറ്റിംങ്ങിനും വേണ്ടി ഉപയോഗിക്കുന്ന സമൂഹത്തിന്റെ’പുരോഗമന ‘കാഴ്ചപ്പാടിന്റെ ദുരന്തഫലമാണ് പുതിയ സംഭവ വികാസങ്ങള്‍ക്ക് വഴിവെച്ചതെന്ന് ഏരിയാ വനിതാ സമ്മേളനം കുറ്റപ്പെടുത്തി. സ്ത്രീ സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവര്‍ തന്നെ അവരെ ലൈംഗികമായും, സാമ്പത്തികമായും ചൂഷണം ചെയ്യുന്ന സാഹചര്യമാണ് പൊതു ഇടങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും, നിയമ പരിരക്ഷ ഉറപ്പാക്കുവാനും സര്‍ക്കാര്‍ കര്‍ശന സമീപനം സ്വീകരിക്കണം.

സ്വാതന്ത്ര്യവും, അവകാശങ്ങളും മറയാക്കി സ്ത്രീ സമൂഹത്തെ ചൂഷണം ചെയ്യാനായി മാത്രം നിലകൊള്ളുന്ന ഗ്രൂപ്പുകളിലേക്ക് എത്തിച്ച് കൊടുക്കുന്ന സംഘങ്ങള്‍ക്കെതിരെ പൊതു സമൂഹം കനത്ത ജാഗ്രത പാലിക്കണമെന്നും ഏരിയാ വനിതാ സമ്മേളനം ആവശ്യപ്പെട്ടു. ഇസ്‌ലാമിക പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് വികലമായ വിശ്വാസങ്ങളും ആചാരങ്ങളും പ്രചരിപ്പിക്കുന്ന സമസ്ത പണ്ഡിതന്മാര്‍ക്കെതിരെ സമൂഹം ജാഗ്രത പാലിക്കണം. മനുഷ്യന്റെ ആത്മീയ അന്വേഷണങ്ങളെ വഴി തിരിച്ച് വിടുന്ന സമീപനങ്ങളാണ് സമസ്തയും അനുബന്ധ പ്രസ്ഥാനങ്ങളും സ്വീകരിച്ച് വരുന്നതെന്നും വനിതാ സമ്മേളനം അഭിപ്രായപ്പെട്ടു. ഏകദൈവ വിശ്വാസമാണ് ഇസ്ലാമിന്റെ മൗലികത എന്നിരിക്കെ ബഹുദൈവാരാധനക്ക് തുല്യമായ വിശ്വാസ ചിന്തകള്‍ പ്രചരിപ്പിക്കുന്ന സമസ്ത പണ്ഡിതന്മാരുടെ നീക്കം അപലപനീയമാണ്.

സമ്മേളനം വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ ജില്ലാ വൈസ് പ്രസിഡണ്ട് ടി.എന്‍ ഷക്കീര്‍ സലഫി ഉദ്ഘാടനം ചെയ്തു. സ്ത്രീ ഇസ്ലാമില്‍ എന്ന വിഷയത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയും ചെയ്തു. വിസ്ഡം വിമണ്‍സ് മണ്ഡലം പ്രസിഡണ്ട് നസീമ മേലൂര്‍ അധ്യക്ഷത വഹിച്ചു. പുതിയ തലമുറ എന്ന വിഷയത്തെ ആസ്പദമാക്കി മുഹമ്മദ് സൈഫുള്ള ക്ലാസെടുത്തു. സെക്രട്ടറി സന്‍സി കൊല്ലം സ്വാഗതതവും ട്രഷറര്‍ സീനത്ത് ചെങ്ങോട്ടുകാവ് നന്ദിയും പറഞ്ഞു.