വായനക്കാരര്‍പ്പിച്ച വിശ്വാസത്തിന് കോട്ടംതട്ടാതെയുള്ള നാല് വര്‍ഷങ്ങള്‍;കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ഇന്ന് നാലാം പിറന്നാള്‍
ഇന്ന് 2024 ഡിസംബര്‍ ആറ്. നാല് വര്‍ഷം മുമ്പ് ഇതേ ദിവസമാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോം കൊയിലാണ്ടിക്കാരിലേക്ക് ആദ്യമായി എത്തുന്നത്. കൊയിലാണ്ടിയിലെ ജനങ്ങളിലേക്ക് നാടിന്റെ ഓരോ സ്പന്ദനവും സമഗ്രമായി എത്തിക്കുക എന്ന ലക്ഷ്യത്തോടെ ലോക്കല്‍ ന്യൂസ് വയര്‍ എന്ന മാതൃ സ്ഥാപനത്തിന് കീഴിലാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോം പ്രവര്‍ത്തനം ആരംഭിച്ചത്.
2020 ഡിസംബര്‍ ആറിന് വൈകീട്ട് ജനകീയ ഉദ്ഘാടനത്തോടെയാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോം കൊയിലാണ്ടിക്കാരുടെ സ്വന്തം പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമം എന്ന നിലയിലേക്കുള്ള ജൈത്രയാത്ര തുടങ്ങിയത്. ഇന്ന് കൊയിലാണ്ടിയിലെ എന്നല്ല, കോഴിക്കോട് ജില്ലയിലെ തന്നെ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള പ്രാദേശിക മാധ്യമമാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോം.
ഇന്ന് എഴുപതിനായിരത്തിലേറെ അംഗങ്ങളുള്ളതും ഓരോ നിമിഷവും വികസിച്ചുകൊണ്ടിരിക്കുന്നതുമായ വാട്ട്സ്ആപ്പ് കൂട്ടായ്മയാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനുള്ളത്. കൊയിലാണ്ടി ന്യൂസ് ഡോട് കോമില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ഓരോ ദിവസവും ശരാശരി ഒരുലക്ഷം തവണ വായിക്കപ്പെടുന്നു.
പരിമിതമായ സാഹചര്യങ്ങളോടെ പ്രവര്‍ത്തനം ആരംഭിച്ച കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ഇന്ന് നഗരഹൃദയത്തില്‍ തന്നെ ഓഫീസ് ഉണ്ട്. പ്രമുഖ മാധ്യമപ്രവര്‍ത്തകയായ സ്മൃതി പരുത്തിക്കാട് ആണ് 2022 ജൂലൈ നാലിന് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തത്.
ഇന്ന് കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും എന്ത് സംഭവം ഉണ്ടായാലും കൊയിലാണ്ടി ന്യൂസ് ഡോട് കോമില്‍ വന്നോ എന്ന് അന്വേഷിക്കുന്ന ആളുകള്‍ നിരവധിയാണ്. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് കൊയിലാണ്ടി ന്യൂസ് ഡോട് കോം ജനങ്ങളുടെ ഹൃദയത്തില്‍ നേടിയെടുത്ത വിശ്വാസ്യതയുടെ തെളിവായാണ് ഞങ്ങള്‍ ഇതിനെ കാണുന്നത്.
മറ്റ് പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൊയിലാണ്ടിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കാണ് ഞങ്ങള്‍ പ്രാധാന്യം കൊടുക്കുന്നത്. കൊയിലാണ്ടിക്ക് പുറത്തുള്ള സംഭവങ്ങള്‍ പ്രധാനപ്പെട്ടതാണ് എങ്കില്‍ മാത്രമേ കൊയിലാണ്ടി ന്യൂസ് ഡോട് കോമില്‍ പ്രസിദ്ധീകരിക്കാറുള്ളൂ.
വാര്‍ത്തകള്‍ക്ക് പുറമെ വായനക്കാര്‍ക്കായി സ്പെഷ്യല്‍ ആയ വിഭവങ്ങളും കൊയിലാണ്ടി ന്യൂസ് ഡോട് കോം ഇക്കാലയളവില്‍ നല്‍കിയിട്ടുണ്ട്. അതില്‍ പ്രവാസികള്‍ക്ക് തങ്ങളുടെ ഓര്‍മ്മകളും അനുഭവങ്ങളും എഴുതാനായി എല്ലാ പ്രസിദ്ധീകരിക്കുന്ന ‘പ്രവാസിയുടെ കൊയിലാണ്ടി’ എന്ന പംക്തി ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. കൊയിലാണ്ടിയുടെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസികള്‍ ഈ പംക്തികളിലൂടെ തങ്ങളുടെ ഓര്‍മ്മകളും അനുഭവങ്ങളും പങ്കുവെച്ചിട്ടുണ്ട്. കോടിക്കല്‍ സ്വദേശിയും രാഷ്ട്രീയക്കാരനുമായ മുഹമ്മദലി എഴുതുന്ന കോടിക്കല്‍ ഡയറി എന്ന പംക്തിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കൊയിലാണ്ടി ന്യൂസ് ഡോട് കോം എന്ന ജില്ലയിലെ ഒന്നാം നമ്പര്‍ പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമത്തിന്റെ വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വടകരയില്‍ വടകര ഡോട്ട് ന്യൂസ് എന്ന പേരില്‍ ഒരു വാര്‍ത്താ പോര്‍ട്ടല്‍ കൂടി ഞങ്ങള്‍ക്കുണ്ട്.
വളരെ കുറച്ച് വായനക്കാരുമായി ആരംഭിച്ച കൊയിലാണ്ടി ന്യൂസ് ഡോട് കോം പടിപടിയായി വളര്‍ന്നതിനും ഇന്ന്, പ്രതിമാസം മുപ്പതുലക്ഷത്തോളം വായനകളുമായി മുന്നോട്ട് കുതിക്കുന്ന ശക്തമായ മാധ്യമമായി മാറിയതിനും പിന്നില്‍ ഒരു കാരണം മാത്രമേ ഉള്ളൂ. ഞങ്ങളുടെ വാര്‍ത്തകള്‍ വായിക്കുന്ന, ഞങ്ങളെ വിശ്വസിക്കുന്ന, ഞങ്ങളെ വിമര്‍ശിക്കുന്ന കൊയിലാണ്ടിക്കാര്‍. അവരോടുള്ള ഉത്തരവാദിത്തം ഒട്ടും ചെറുതല്ല എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോ വാര്‍ത്തയും ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്.
കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകാനായി ഏറെ പ്രിയപ്പെട്ട വായനക്കാരില്‍ നിന്നും തുടര്‍ന്നും എല്ലാവിധ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു.