സഹതടവുകാരനെ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച് വധിക്കാന്‍ ശ്രമം; ജാമ്യത്തിലിറങ്ങി പത്ത് വര്‍ഷത്തോളമായി ഗോവയിലും കര്‍ണാടകയിലും ഒളിവ് ജീവിതം, ഒടുവില്‍ പിടികിട്ടാപ്പുള്ളി കസബ പോലീസിന്റെ പിടിയില്‍


കോഴിക്കോട്: വധശ്രമ കേസില്‍ ജാമ്യത്തിലിറങ്ങി പത്ത് വര്‍ഷത്തോളമായി മുങ്ങിനടന്ന പ്രതി പിടിയില്‍. പത്തനംതിട്ട തണ്ണിത്തോട് സ്വദേശിയായ ബിജു (46) എന്നയാളെ ആണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. 2014 ല്‍ കോഴിക്കോട് കസബ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമ കേസിലെ പ്രതിയാണ് പിടിയിലായിരിക്കുന്നത്.

കോഴിക്കോട് ജില്ലാ ജയിലില്‍ പരപ്പനങ്ങാടി എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തടവുകാരനായിരുന്ന ഇയാള്‍ സഹ തടവുകാരനെ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച് വധിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി നീണ്ട പത്തുവര്‍ഷം ഗോവയിലും കര്‍ണാടകയിലും ഒളിവ് ജീവിതം നയിക്കുകയായിരുന്നു. ഇപ്പോള്‍ കര്‍ണാടക ഹുഗ്ലിയില്‍ വിവാഹം കഴിച്ച് അവിടെ കുടുംബസമേതം ജീവിക്കുകയായിരുന്നു.

ഈ കഴിഞ്ഞ മൂന്നാം തീയതി ഇയാള്‍ നാട്ടിലെത്തിയ രഹസ്യവിവരം ലഭിച്ചതിന്റെ തുടര്‍ന്ന് കസബ പോലീസ് പത്തനംതിട്ട ചിറ്റാറില്‍ എത്തി ഇയാളുടെ സഹോദരിയുടെ വീട്ടില്‍ വച്ച് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജില്ല ജയിലില്‍ റിമാന്‍ഡ് ചെയ്തു. കസബ ഇന്‍സ്‌പെക്ടര്‍ ഗോപകുമാര്‍ ജീ യുടെ നേതൃത്വത്തില്‍ എ.എസ്. ഐ. സജേഷ് കുമാര്‍ പി,സീനിയര്‍ സി പി ഓ മാരായ ബിനീഷ് പി.കെ, സുമിത്ത് ചാള്‍സ്, സി പി ഒ മുഹമ്മദ് സക്കറിയ എന്നിവരാടങ്ങിയ സംഘമാണ്പ്രതിയെ അറസ്റ്റ് ചെയ്തത്.